ലക്കിടി റെയില്‍വേ ഗേറ്റിനുസമീപം കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

-

പാലക്കാട്>>കുഴല്‍പ്പണസംഘം ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാര്‍ ലക്കിടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍.ലക്കിടി റെയില്‍വേ ഗേറ്റിന് സമീപം സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് മാരുതി എര്‍ട്ടിഗ കാര്‍ ഉപേക്ഷിച്ചിട്ടുള്ളത്.കാറിന്റെ ഉള്‍ഭാഗം തകര്‍ത്ത നിലയിലാണ്.

ഡാഷ് ബോര്‍ഡ് പൂര്‍ണമായും കുത്തിപ്പൊളിച്ചിട്ടുണ്ട്.കാറിനുള്ളില്‍ മുളക് പൊടിയും വിതറിയിട്ടുണ്ട്.
കാര്‍ കുത്തിപ്പൊളിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാരയും സ്‌ക്രൂ ഡ്രൈവറും കാറിനുള്ളില്‍നിന്ന് കണ്ടെടുത്തു. മലപ്പുറം മങ്കട കൂട്ടില്‍ ഉള്ളാട്ട്പാറ മുഹമ്മദാണ് കാറിന്റെ ഉടമസ്ഥന്‍. കുഴല്‍പ്പണസംഘം സഞ്ചരിച്ചിരുന്ന കാര്‍ അജ്ഞാതസംഘം തട്ടിയെടുത്ത് ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.


സംഭവത്തില്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചുവരുന്നതായി പോലീസ് പറഞ്ഞു.ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും വാഹനം പരിശോധിച്ചു. ക്രിമിനല്‍ നടപടി വകുപ്പ് 102 പ്രകാരം കേസെടുത്തതായി ഒറ്റപ്പാലംപോലീസ് അറിയിച്ചു.

വാഹനയുടമയെ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും കാര്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഒറ്റപ്പാലം പോലീസ് പറഞ്ഞു. പ്രിന്‍സിപ്പല്‍ എസ്.ഐ. എ. അനൂപ്, അഡീഷണല്‍ എസ്.ഐ. ജെ.പി. അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →