സ്ത്രീധനമായി 21 നഖങ്ങളുള്ള ആമയും കറുത്ത ലാബ്രഡോര്‍ നായയേയും ആവശ്യപ്പെട്ടു; ജവാനെതിരെ കേസ്

രാജി ഇ ആർ -

ഔരംഗാബാദ്>>>വധുവിനേക്കാള്‍ സ്ത്രീധനത്തിന് മുന്‍തൂക്കം നല്‍കുന്ന ദുഷ്പ്രവര്‍ത്തിയുടെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ദിനംപ്രതി വാര്‍ത്തകളില്‍ നിറയുന്നത്.

എന്നാല്‍ സ്വര്‍ണ്ണവും വസ്തുവകകളും അല്ലാതെ മറ്റു ചിലതും ആവശ്യപ്പെടുന്ന വ്യക്തികളും സമൂഹത്തിലുണ്ട് എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

21 കാല്‍വിരല്‍ നഖങ്ങളുള്ള ആമയേയും കറുത്ത ലാബ്രഡോര്‍ നായയേയും സ്ത്രീധനമായി ആവശ്യപ്പെട്ടതിന് ജവാനും കുടുംബത്തിനും എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

വഞ്ചന, വിശ്വാസ്യതയുടെ ക്രിമിനല്‍ ലംഘനം എന്നീ കുറ്റങ്ങളാണ് ഈ കുടുംബത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഔരംഗാബാദിലാണ് സംഭവം. ഈ വര്‍ഷം ഫെബ്രുവരി 10 ന് രാമനഗര്‍ പ്രദേശത്തെ ഒരു വേദിയില്‍ വെച്ച് ഇയാളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി ഉസ്മാന്‍പുര പോലീസ് പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയില്‍ നാസിക്കില്‍ നിന്നുള്ള ആര്‍മി ജവാന്‍ യുവതിയുമായി വിവാഹനിശ്ചയം നടത്തിയതായി പോലീസ് പറഞ്ഞു.

വിവാഹനിശ്ചയത്തിന് മുമ്പായി വധുവിന്റെ കുടുംബം വരന്റെ കുടുംബത്തിന് 2 ലക്ഷം രൂപയും സ്ത്രീധനമായി 10 ഗ്രാം സ്വര്‍ണവും നല്‍കി. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, വരനും കുടുംബവും യുവതിക്ക് സ്ഥിരമായ ഒരു സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ വാങ്ങിയതായും അവര്‍ ആരോപിച്ചു. എന്നാല്‍ യുവതിക്ക് ഇതുവരെയായും ജോലി ലഭിച്ചിട്ടില്ല.

ഉടമയ്ക്ക് നല്ല ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന് പറയപ്പെടുന്ന അസാധാരണമായ ആമ ഏകദേശം 5 -10 ലക്ഷം രൂപയ്ക്ക് വിപണിയില്‍ വില്‍ക്കപ്പെടുന്നു. അത് പെണ്‍കുട്ടിയുടെ പിതാവിന് താങ്ങാന്‍ കഴിയാത്ത വിലയാണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം, പെണ്‍കുട്ടിയുടെ പിതാവ്
അക്കാര്യം അവര്‍ക്ക് താങ്ങാനാവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കുടുംബങ്ങള്‍ തമ്മില്‍ ഒരു തര്‍ക്കമുണ്ടായി.

കല്യാണം മുടങ്ങുകയും ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബം വരന്റെ കുടുംബത്തിനു അവര്‍ നല്‍കിയ പണവും ആഭരണങ്ങളും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു.

‘വരന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വധുവിന്റെ കുടുംബം നിസ്സഹായത പ്രകടിപ്പിച്ചു, അതിനുശേഷം വരന്റെ കുടുംബം വിവാഹം ഉപേക്ഷിച്ചു.

വധുവിന്റെ 55-കാരനായ പിതാവ് ഞങ്ങളെ സമീപിച്ചു. ഐപിസി 420, 406, 34 വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ വിശ്വാസലംഘനത്തിനും വരനും കുടുംബാംഗങ്ങളും വഞ്ചന നടത്തിയതിനും എഫ്ഐആര്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തേക്കും,’ കേസ് അന്വേഷിക്കുന്ന പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സാധ്‌ന അവാദ് ‘ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട്’ പറഞ്ഞു.