63 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി വേങ്ങര സ്വദേശികളായ രണ്ട് ചെറുപ്പക്കാര്‍ പിടിയില്‍

-

കുറ്റിപ്പുറം>>കുഴല്‍പ്പണവുമായി വേങ്ങര സ്വദേശികളായ രണ്ട് ചെറുപ്പക്കാര്‍ പിടിയില്‍.
രേഖകളില്ലാത്ത 63 ലക്ഷം രൂപയുമായാണ് വേങ്ങര സ്വദേശികളായ ഇവരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. വേങ്ങര എടകണ്ടന്‍ വീട്ടില്‍ സഹീര്‍ (26 ) ഉത്തന്‍കാര്യപൂറത്ത് ഷമീര്‍ (24) എന്നിവരേയാണ് കുറ്റിപ്പുറം എസ്. എച്ച്. ഒ ശശീന്ദ്രന്‍ മേലഴിലും സംഘവും പിടികൂടിയത്.

കുറ്റിപ്പുറം സിഗ്‌നല്‍ പരിസരത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാറിന്റെ രഹസ്യഅറയില്‍ സൂക്ഷിച്ച പണം കണ്ടെത്തിയത്. 500 രൂപയുടെ കെട്ടുകളാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. ഹവാല പണമാണ് കണ്ടെത്തിയത്. രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

ഇവര്‍ രണ്ടുപേരും ഗള്‍ഫില്‍ ഉള്ള സമയത്ത് അവിടെ മൊബൈല്‍ ഷോപ് നടത്തുന്ന മലപ്പുറംകാരനായ സി.കെ.എം. എന്ന് വിളിക്കുന്നയാളെ പരിചയപ്പെട്ടു. ഇയാളുടെ പണമാണ് തങ്ങള്‍ വിതരണം ചെയ്യുന്നതെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. ഷമീറിന്റെ വീട്ടില്‍ രാവിലെ പണം അജ്ഞാത കേന്ദ്രത്തില്‍ നിന്നും എത്തും. അതോടൊപ്പം നാട്ടില്‍ പണം കൊടുക്കേണ്ടവരുടെ വിവരങ്ങള്‍ വാട്‌സാപ്പില്‍ മെസ്സേജും എത്തും. ഇതു പ്രകാരം മലപ്പുറം കോഴിക്കോട് തൃശൂര്‍ ജില്ലകളില്‍ ഇവര്‍ വിതരണം ചെയ്യും.

രഹസ്യവിവരം കിട്ടിയതനുസരിച്ച് കുറ്റിപ്പുറം ഹൈവേ ജംഗഷന്‍ സമീപത്ത് രാവിലെ 10 മണിക്ക് പരിശോധന നടത്തുമ്പോള്‍ വളാഞ്ചേരി ഭാഗത്ത് നിന്നു വന്ന എത്തിയോസ് കാര്‍ പരിശോധിച്ചപ്പോള്‍ യാത്രക്കാരുടെ പെരുമാറ്റത്തില്‍ പൊലീസിനു സംശയം തോന്നി. തുടര്‍ന്ന് കാറിനുള്‍വശം വിശദമായി പരിശോധിച്ചപ്പോളാണ് അതിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 62,9000 രൂപയാണ് കണ്ടെടുത്തത്. പണവും പ്രതികള്‍ സഞ്ചരിച്ച കാറും മൊബൈല്‍ ഫോണുകളും കോടതിക്ക് കൈമാറി.

പൊലീസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കോഴിക്കോട് ഇന്‍കം ടാക്‌സ് ഓഫീസില്‍ നിന്നും ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കുറ്റിപ്പുറത്തെത്തി പ്രതികളെവിശദമായി ചോദ്യം ചെയ്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →