തൃശൂര്‍>>>കുതിരാന്‍ രണ്ടാം തുരങ്കം ഈ വര്‍ഷം അവസാനം തുറക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. അടുത്ത വര്‍ഷം ഏപ്രിലില്‍ ദേശീയ പാത പൂര്‍ണമായി ഗതാഗത യോഗ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കുതിരാന്‍ രണ്ടാം തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തിയിലും ദേശീയ പാത അതോരിറ്റിക്ക് എല്ലാ സഹകരണവും നല്‍കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തുരങ്കത്തിലെ കോണ്‍ക്രീറ്റ് ലൈനിങ് പ്രവര്‍ത്തികള്‍ നവംബര്‍ 15നകം പൂര്‍ത്തിയാകും.
തൊഴിലാളികളുടെ എണ്ണം നാലിരട്ടിയായി വര്‍ധിപ്പിക്കാന്‍ തൃശൂര്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. രണ്ടാഴ്ചക്ക് ശേഷം ജില്ലയിലെ മന്ത്രിമാര്‍ അടക്കം പങ്കെടുക്കുന്ന യോഗത്തില്‍ വനം വകുപ്പിന് നല്‍കാനുള്ള ഭൂമി, ടോള്‍ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചയുണ്ടാകും.
ദേശീയപാത 544-ല്‍ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തിക്കും ഇടയിലാണ് കുതിരാന്‍ മലയെ തുരന്നുകൊണ്ടുള്ള തുരങ്കം. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം 920 മീറ്ററാണ് നീളം. തുരങ്കമുഖം ഉള്‍പ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്.
14 മീറ്റര്‍ വീതിയിലാണ് ഇരട്ട തുരങ്കത്തിന്റെ നിര്‍മ്മാണം. ഉയരം പത്തു മീറ്റര്‍. തുരങ്കങ്ങള്‍ തമ്മില്‍ 20 മീറ്റര്‍ അകലവുമുണ്ട്. വന്‍ കരിമ്ബാറക്കെട്ടുകള് നിറഞ്ഞ കുതിരാന്മലയിലെ നാലുകിലോമീറ്ററോളം വരുന്ന ഗതാഗതക്കുരുക്കിനാണ് പുതിയ തുരങ്കത്തോടെ അവസാനമാകുന്നത്. .
2004-05 കാലത്താണ് ഡല്‍ഹിയില്‍ ദേശീയപാത അതോരിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇരട്ടക്കുഴല്‍ തുരങ്കം എന്ന ആശയം രൂപപ്പെടുത്തിയത്. 2006ല്‍ വിശദമായ പദ്ധതിരേഖ തയ്യാറാക്കി. ഇരുമ്ബു പാലം ഭാഗത്തുനിന്ന് ആരംഭിച്ച് കുതിരാന്‍ ക്ഷേത്രത്തിന് താഴെ വഴുക്കുംപാറയിലാണ് തുരങ്കം അവസാനിക്കുന്നത്.
ഇരുമ്ബു പാലത്തിന് താഴെ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശമാണ്. സംരക്ഷിത വനവും വന്യജീവി സങ്കേതവും കാരണം സ്ഥലമെടുക്കാനുളള അനുമതിയ്ക്കും തുല്യമായ സ്ഥലം സര്‍ക്കാരിന് വിട്ടു നല്‍കാനും വനത്തിന് പകരമായി നഷ്ടപരിഹാരം കെട്ടിവെയ്ക്കാനുമായി കടമ്പകള്‍ ഏറെയായിരുന്നു. 2010ല്‍ കരാര്‍ ഉറപ്പിച്ചു. ആറുവരിപ്പാതയുടെ കരാറുകാരായ കെ.എം.സി കമ്പനി തുരങ്കംപണി പ്രഗതി ഗ്രൂപ്പിന് ഉപകരാര്‍ നല്കി.
Follow us on