കൂനൂരില്‍ പരിശോധന തുടരുന്നു, തകര്‍ന്ന ഹെലികോപ്ടര്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമം തുടങ്ങി

-

കൂനൂര്‍>> സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ ഹെലികോപ്ടര്‍ അപകടത്തില്‍ എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തില്‍ അപകടസ്ഥലത്ത് പരിശോധന തുടരുന്നു. ഹെലികോപ്ടറിന്റെ ചിറക് പോലുള്ള ഭാഗങ്ങള്‍ കയര്‍ ഉപയോഗിച്ച് നീക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. തകര്‍ന്ന ഭാഗങ്ങള്‍ ശേഖരിച്ചു ഹെലികോപ്റ്റര്‍ പുനര്‍നിര്‍മ്മിക്കാനാണ് സംയുക്ത സേനാ സംഘത്തിന്റെ ശ്രമം. എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോയും, തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. പ്രദേശവാസികളില്‍ നിന്നും ഇവര്‍ മൊഴിയെടുത്തു. പരിശോധനകള്‍ ഇനിയുള്ള ദിവസങ്ങളിലും തുടരും.

ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍, കോക്ക്പിറ്റ് റെക്കോര്‍ഡര്‍ എന്നിവ പരിശോധിക്കാനുള്ള നടപടി തുടരുകയാണ്. വിദേശ സാങ്കേതിക സഹായം ആവശ്യമാണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥ, ഇറക്കുന്നതിനിടയിലെ പിഴവ്, പൊട്ടിത്തെറി തുടങ്ങി എല്ലാ സാധ്യതകളും പരിശോധിക്കും. പ്രാഥമിക റിപ്പോര്‍ട്ട് ഒരാഴ്ചയില്‍ സര്‍ക്കാരിന് നല്കിയേക്കും

മോര്‍ച്ചറിയില്‍ സൂക്ഷിച്ച നാല് പേരുടെ കൂടി മൃതദേഹങ്ങള്‍ ഇന്നലെ തിരിച്ചറിഞ്ഞു. ഇതോടെ അപകടത്തില്‍ മരണപ്പെട്ട എല്ലാവരേയും തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങള്‍ ഇന്ന് തന്നെ വീട്ടുകാര്‍ക്ക് കൈമാറും. ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച ലാന്‍സ് നായ്ക് സായ് തേജയുടെ സംസ്‌കാരവും ഇന്ന് നടക്കും. ജന്മനാടായ ആന്ധ്ര ചിറ്റൂരിലെ എഗുവാരേഗഡ ഗ്രാമത്തിലെ വീട്ടുവളപ്പിലാണ് ചടങ്ങുകള്‍. ഡിഎന്‍എ പരിശോധന ഉള്‍പ്പടെ പൂര്‍ത്തിയാക്കി മൃതദ്ദേഹം ഇന്നലെ ബംഗ്ലൂരുവിലെത്തിച്ചിരുന്നു. യെലഹങ്ക എയര്‍ബേസില്‍ സേനാംഗങ്ങള്‍ സായ്‌തേജയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് നാല് മണിക്കാണ് സംസ്‌കാരചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിന്റെ നില മാറ്റമില്ലാതെ തുടരുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദത്തില്‍ പെട്ടെന്ന് വ്യത്യാസം ഉണ്ടാകുന്നത് ആശങ്കയായിരിക്കുകയാണ്. ബംഗ്ലൂരുവിലെ വ്യോമസേന കമാന്‍ഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →