കുണ്ടറ പീഡനം; ശശീന്ദ്രനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനിലും ദേശീയ വനിത കമ്മീഷനിലും പരാതി നല്‍കിയേക്കും

രാജി ഇ ആർ -

കുണ്ടറ >>>പീഡന പരാതിയില്‍ വനം മന്ത്രി എ.കെ ശശീന്ദ്രനെതിരെ യുവതി ദേശീയ മനുഷ്യാവകാശ കമ്മീഷനിലും ദേശിയ വനിതാ കമ്മീഷനിലും ഇന്ന് പരാതി നല്‍കിയേക്കും. കേസില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു. അതേസമയം പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്.

വനം മന്ത്രി എ.കെ ശശീന്ദ്രന്‍, മുന്‍ എന്‍.സി.പി നേതാവ് ജി.പത്മാകരന്‍, രാജീവ് എന്നിവര്‍ക്ക് എതിരെ പൊലീസില്‍ മൊഴി നല്‍കിയതിന് പിന്നാലെയാണ് യുവതി ദേശീയ മനുഷ്യാവകാശ കമ്മീഷനിലും ദേശിയ വനിതാ കമ്മീഷനിലും പരാതി നല്‍കുന്നത്.

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് പരാതി. തിങ്കളാഴ്ചയാണ് മന്ത്രിക്ക് എതിരെ ഗവര്‍ണര്‍ക്ക് പരാതി കൈമാറുക. രാജ്ഭവനില്‍ നേരിട്ട് എത്തിയായിരിക്കും പരാതി നല്‍കുക.

പീഡന പരാതി ഒത്തുതീര്‍പ്പാക്കാനും കേസിനെ സ്വാധീനിക്കാനും ശ്രമിച്ചു എന്ന് കാണിച്ചാകും പരാതി. അതേസമയം കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് പൊലീസ് മുന്നോട്ട് പോകുന്നത്. കുറ്റകൃത്യത്തെക്കുറിച്ച് വിവരം പൊലീസിനെ അറിയിച്ചില്ല എന്നതടക്കമുള്ള വകുപ്പുകള്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ ചുമത്താവുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്.

എന്നാല്‍ പത്മാകരന്റെ അറസ്റ്റ് വൈകുന്നതില്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും പ്രതിഷേധമുണ്ട്. രാഷ്ട്രീയ പരിരക്ഷയാണ് അറസ്റ്റ് വൈകിപ്പിക്കുന്നത് എന്നാണ് പ്രധാന ആരോപണം. അറസ്റ്റ് വൈകിയാല്‍ കുണ്ടറ പൊലീസ് സ്റ്റേഷനു മുന്നില്‍ പരാതിക്കാരി കുത്തിയിരുന്നു പ്രതിഷേധിക്കാനും തീരുമാനമുണ്ട്.