
കോട്ടയം>>>പാലായിലെ കെ എസ് ആര്‍ ടി സി സ്റ്റേഷന്‍ മാസ്റ്ററെ ചാരായവുമായി പിടികൂടി. കെ എസ് ആര്‍ ടി സി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് സ്റ്റേഷന്‍ മാസ്റ്റര്‍ മേലുകാവ് ഇല്ലിക്കല്‍ സ്വദേശി ജെയിംസ് ജോര്‍ജ് പിടിയിലായത്. നേരത്തെ ഇയാള്‍ക്കെതിരെ എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. എക്‌സൈസ് നിരീക്ഷിച്ചു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഡിപ്പോയിലെത്തിയ കെ എസ് ആര്‍ ടി സിയുടെ ആഭ്യന്തര വിജിലന്‍സ് സംഘം ജെയംസിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഓഫീസ് മുറിയില്‍ നിന്നാണ് ചാരായവും പിടികൂടിയത്.
നേരത്തെ ജെയിംസ് ജോര്‍ജ് ചാരായവുമായി ഓഫീസിലെത്തുന്നുവെന്ന വിവരം എക്‌സൈസിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പാലാ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ബി ആനന്ദ രാജിന്റെ നേതൃത്വത്തിലുള്ള സംഘം ജെയിംസിനെ കുറച്ചു നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു.
കഴിഞ്ഞ ദിവസം ഇയാളുടെ ഓഫീസില്‍ ചാരായം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് യാത്രാക്കാരെന്ന മട്ടില്‍ വേഷം മാറി ആനന്ദ രാജും സംഘവും അവിടേക്ക് എത്തി ജെയിംസിനെ വളഞ്ഞെങ്കിലും ചാരായം കണ്ടെത്താനായില്ല. അരിച്ചുപെറുക്കി പരിശോധിച്ചിട്ടും ചാരായം കണ്ടെത്താനാകാതെ വന്നതോടെ എക്‌സൈസ് സംഘം പിന്‍വാങ്ങുകയും ചെയ്തു. എന്നാല്‍ ഇതിനു ശേഷമാണ് മിന്നല്‍ പരിശോധനയ്ക്കായി കെ എസ് ആര്‍ ടി സി വിജിലന്‍സ് സംഘം ഡിപ്പോയില്‍ എത്തിയത്.
ഇവര്‍ നടത്തിയ പരിശോധനയില്‍ ചാരായം കണ്ടെത്തുകയും ചെയ്തു. അര ലിറ്റര്‍ ചാരായമാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് കെ എസ് ആര്‍ ടി സി വിജിലന്‍സ് സംഘം പാലാ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണിനെ വിവരം അറിയിച്ചു.
ഇദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം ബി ആനന്ദ രാജും സംഘവും വീണ്ടും ഡിപ്പോയിലെത്തി ജെയിംസ് ജോണിനെതിരെ കേസെടുക്കുകയായിരുന്നു. ചാരായം കൈവശം വെച്ചെന്ന കുറ്റത്തിന് കേരള അബ്ക്കാരി ആക്ട് 1 1077, യു/എസ് 8(1), 8(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പ്രതിയെ തിങ്കളാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കും.

Follow us on