യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; കെഎസ്ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

-

കോട്ടയം>>യാത്രക്കാരിയോട് ബസ്സില്‍ അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ പി.പി.അനിലിനെയാണ് പിരിച്ചുവിട്ടത്. 2020 ഡിസംബര്‍ 25നാണ് യാത്രക്കാരിയുടെ പരാതിയില്‍ വെള്ളൂര്‍ പൊലീസ് കേസെടുത്തിരുന്നു. കേസില്‍ 14 ദിവസം അനില്‍ റിമാണ്ടില്‍ കഴിഞ്ഞിരുന്നു.

യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥന്റെ പ്രവൃത്തി കെഎസ്ആര്‍ടിസിയുടെ സല്‍പ്പേരിന് കളങ്കമായെന്ന ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനിലിനെ പിരിച്ചുവിട്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. കഴിഞ്ഞ നവംബര്‍ 25 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ടിക്കറ്റ് നല്‍കുമ്പോള്‍ യാത്രക്കാരിയോട് പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു. സംഭവത്തില്‍ അന്ന് തന്നെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അനിലിനെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.