കോട്ടയം>>>രാമപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നാല് പേര് പിടിയില്‍. ഏഴാച്ചേരി സ്വദേശി അര്ജ്ജുന് ബാബു (25), പുനലൂര്‍ സ്വദേശി മഹേഷ് (29), പത്തനാപുരം സ്വദേശി എബി മാത്യു (31), കൊണ്ടാട് സ്വദേശിയും പെണ്‍കുട്ടിയുടെ സഹപാഠിയുമായ പതിനാറുകാരന് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ കോടതിയില്‍ ഹാജരാക്കിയ മൂന്ന് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് രക്ഷിതാവിന്റെ പരാതിയില്‍ രാമപുരം പൊലീസ് കേസെടുക്കുകയും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പെണ്‍കുട്ടിയെ പ്രണയത്തില്‍ കുടുക്കി പീഡിപ്പിച്ചത് അര്ജുന് ബാബുവാണ്. ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ സുഹൃത്തുകളായ കൂട്ടുപ്രതികള്‍ക്ക് വിവരം കൈമാറുകയും അവരും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.
Follow us on