LOADING

Type to search

ആശുപത്രിമാലിന്യം വിറ്റ് 20 ലക്ഷത്തോളം രൂപ വരുമാനവുമായി കോട്ടയം മെഡിക്കല്‍ കോളേജ്

Latest News Local News News

കോട്ടയം>>> മാലിന്യപ്രശ്‌നം ജനങ്ങളെ കാലങ്ങളായി ബാധിക്കാന്‍ തുടങ്ങിയതാണ്. നഗരങ്ങളിലെ മാലിന്യങ്ങള്‍ വലിയൊരു പ്രശ്‌നമായി പലയിടത്തും മാറിക്കഴിഞ്ഞു. മാലിന്യ പ്ലാന്റുകള്‍ക്കെതിരെ വലിയ സമരങ്ങളും കേരളം കണ്ടതാണ്. എന്നാല്‍ മാലിന്യം അനുഗ്രഹമായി മാറുന്ന ഒരു സ്ഥലം കോട്ടയത്തുണ്ട്. മറ്റെവിടെയുമല്ല കോട്ടയം മെഡിക്കല്‍ കോളേജില്‍ ആണ് മാലിന്യം കൊണ്ട് നേട്ടമുണ്ടാക്കിയത്.

മറ്റു പല മെഡിക്കല്‍ കോളേജുകളിലും ഉള്ള പോലെ മാലിന്യങ്ങള്‍ ആശുപത്രി വളപ്പില്‍ തന്നെ കുഴിച്ചിടുന്ന രീതി ആയിരുന്നു പണ്ട് കോട്ടയം മെഡിക്കല്‍ കോളേജിലും. മെഡിക്കല്‍ മാലിന്യങ്ങള്‍ ഐഎംഎയ്ക്ക് വിട്ടുനല്‍കി സംസ്‌കരിക്കുന്ന രീതിയാണ് കാലങ്ങളായി ഉണ്ടായിരുന്നത്. പാലക്കാട് കഞ്ചിക്കോട് ഉള്ള പ്ലാന്റില്‍ എത്തിച്ചാണ് ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിച്ചിരുന്നത്. ബാക്കിയുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ ആശുപത്രി പരിസരത്ത് തന്നെ കുഴിച്ചിടുമായിരുന്നു.

കാലങ്ങളായി പ്രദേശവാസികള്‍ ഇതുമൂലം വലിയ ദുരിതമാണ് അനുഭവിക്കുന്നത്. മാലിന്യം സമീപവാസികള്‍ക്ക് പല രോഗങ്ങള്‍ക്കും കാരണമായി. ഇതൊരു സ്ഥിരം തലവേദന ആയതോടെയാണ് പ്രശ്‌ന പരിഹാരത്തെ കുറിച്ച് മെഡിക്കല്‍ കോളേജ് അധികൃതര്‍ കാര്യമായി ആലോചിച്ചത്. ഒടുവില്‍ പ്രശ്‌നത്തിന് പരിഹാരവും കണ്ടെത്തി. കേവലം മെഡിക്കല്‍ കോളേജിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നു എന്നതുമാത്രമല്ല ഇത്തവണ നേട്ടമായി മാറിയത്. മാലിന്യം വിറ്റ് ലക്ഷങ്ങള്‍ ഉണ്ടാക്കിയ കഥയാണ് കോട്ടയം മെഡിക്കല്‍ കോളേജിന് പറയാനുള്ളത്.

പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമായ ടികെ ജയകുമാര്‍ ആണ് ആശയത്തിനു പിന്നില്‍. കുറിച്ച ആര്‍പ്പൂക്കര പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരെ അണി നിരത്തിയാണ് മെഡിക്കല്‍ കോളേജിന്റെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനം. ആശുപത്രിയിലെ ഖര മാലിന്യങ്ങള്‍ ശേഖരിച്ചു സംസ്‌കരിച്ചു വില്‍ക്കുന്നതാണ് പുതിയ രീതി. കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇത് വേര്‍തിരിച്ചു കൊടുക്കുന്നത്. ഇങ്ങനെ വേര്‍തിരിച്ച് വില്‍ക്കുന്ന മാലിന്യങ്ങളില്‍ നിന്ന് ഒരു മാസം ഒന്നര ലക്ഷം രൂപയോളം കിട്ടുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം ആയിട്ടുള്ളത്.

ഓപ്പറേഷന്‍ തിയേറ്ററുകളിലും വാര്‍ഡുകളിലും ഉള്ള മാലിന്യങ്ങള്‍ പ്രത്യേക കേന്ദ്രത്തില്‍ എത്തിച്ചാണ് തരംതിരിക്കുന്നത്. ഇരുപതിലധികം കുടുംബശ്രീ പ്രവര്‍ത്തകരാണ് ഈ പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷം ഏതാണ്ട് 20 ലക്ഷത്തോളം രൂപയുടെ വരുമാനമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ഇതിലൂടെ മാത്രം ഉണ്ടാക്കിയത്. ഏതായാലും സംഭവം വിജയം കണ്ടതോടെ പ്രദേശത്തെ വനിതകള്‍ക്കും സ്ഥിരം തൊഴില്‍ നല്‍കാനായ ആശ്വാസത്തിലാണ് കോട്ടയം മെഡിക്കല്‍ കോളേജ്.

ഹോസ്റ്റലുകളില്‍ നിന്ന് ഉള്ള മാലിന്യങ്ങള്‍ അടക്കം ശേഖരിച്ച് പദ്ധതി വിപുലീകരിക്കാന്‍ ആണ് മെഡിക്കല്‍ കോളേജ് ആലോചിക്കുന്നത്. വൈകാതെ പുറത്തു നിന്നുള്ള മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള ആലോചനകളും മെഡിക്കല്‍കോളേജ് നടത്തുന്നുണ്ട്.

പ്ലാന്റില്‍ നിന്നുള്ള ജൈവ മാലിന്യങ്ങള്‍ ബയോഗ്യാസാക്കി മാറ്റി ഉപയോഗിക്കുന്ന പദ്ധതിയും മെഡിക്കല്‍ കോളേജില്‍ നടപ്പാക്കിവരികയാണ്. ബാക്കിയുള്ള ജീവ മാലിന്യങ്ങള്‍ വളമാക്കി കാമ്ബസില്‍ കൃഷിയും തുടങ്ങിക്കഴിഞ്ഞു. ശേഷിക്കുന്നവ വളമാക്കി മാറ്റി ക്യാമ്ബസില്‍ അല്‍പം കൃഷിയും തുടങ്ങിയിട്ടുണ്ട്. ടെന്‍ഡര്‍ വഴി ഈരാറ്റുപേട്ടയിലെ ഒരു കമ്ബനി ആണ് മാലിന്യം ഏറ്റെടുത്തിരിക്കുന്നത്.

കിട്ടുന്ന പണം ആശുപത്രിയുടെ വികസനത്തിന് ഉപയോഗിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ടികെ ജയകുമാര്‍ പറഞ്ഞു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ 21 കുടുംബശ്രീ പ്രവര്‍ത്തകര്‍ ആണ് ജോലി ചെയ്യുന്നത്. ദിവസവും അര ടണ്‍ മാലിന്യം ആണ് ഇവര്‍ തരംതിരിച്ച് എടുക്കുന്നത്‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.