കുട്ടമ്പുഴ പഞ്ചായത്തില്‍ സര്‍ക്കാര്‍ കോളേജ് ആരംഭിക്കുന്ന വിഷയം സര്‍ക്കാരിന്റെ പരിഗണനയില്‍: മന്ത്രി ഡോ.ആര്‍. ബിന്ദു

സ്വന്തം ലേഖകൻ -

കോതമംഗലം >>>കോതമംഗലം നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴയില്‍ സര്‍ക്കാര്‍ കോളേജ് ആരംഭിക്കുന്ന വിഷയം സര്‍ക്കാര്‍ പരിശോധിച്ച് വരുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി Dr.ആര്‍ ബിന്ദു നിയമസഭയില്‍ അറിയിച്ചു.

ഇത് സംബന്ധിച്ച ആന്റണി ജോണ്‍ എംഎല്‍എയുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോള്‍ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കുട്ടമ്പുഴയില്‍ സര്‍ക്കാര്‍ കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അനുകൂലമായ റിപ്പോര്‍ട്ട് എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

കോളേജിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ B3/518/2017 നമ്പര്‍ ഫയലില്‍ വേഗത്തില്‍ തീരുമാനമെടുക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

16 ലധികം ആദിവാസി ഊരുകള്‍ ഉള്‍ക്കൊള്ളുന്നതും കോതമംഗലം മണ്ഡലത്തിലെ പിന്നാക്ക പ്രദേശവും ആയ കുട്ടമ്പുഴയില്‍ പ്രദേശത്തിന്റെ പ്രത്യേകതകള്‍ കൂടി ചൂണ്ടിക്കാണിച്ചാണ് കുട്ടമ്പുഴയില്‍ സര്‍ക്കാര്‍ കോളേജ് വേഗത്തില്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടത്.

കോളേജിനായി ഭൂമി ഏറ്റെടുക്കുന്ന വിഷയത്തില്‍ തുടര്‍ നടപടികള്‍ക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഫയല്‍ ജലവിഭവ വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും സ്ഥല ലഭ്യത,സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി തുടങ്ങിയ വസ്തുതകള്‍ കണക്കിലെടുത്ത് ഇക്കാര്യം പരിഗണിക്കുമെന്നും മന്ത്രി നിയമസഭയില്‍ ആന്റണി ജോണ്‍ എംഎല്‍എയെ അറിയിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →