കോതമംഗലം മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍തമ്മിലുണ്ടായ അടിപിടി:ഒരാള്‍ അറസ്റ്റില്‍

-

കോതമംഗലം >>ബസ് പുറപ്പെടുന്ന സമയത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ പ്രധാന സ്റ്റാന്‍ഡിലും ഹൈറേഞ്ച് സ്റ്റാന്‍ഡിലുമുണ്ടായ തര്‍ക്കങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. രണ്ട് സംഭവങ്ങളിലുമായി നാലുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു.
ഹൈറേഞ്ച് സ്റ്റാന്‍ഡിലെ അടിപിടിക്കേസില്‍ ആയക്കാട് പോലിയക്കുടി അഭിയെ (27) അറസ്റ്റ് ചെയ്തു.
മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ അടിപിടിയില്‍ വാളറ ഓലിയ്ക്കല്‍ ആദര്‍ശ് (35), ഹൈറേഞ്ച് സ്റ്റാന്‍ഡിലെ സംഭവത്തില്‍ ആലുവ ചുണങ്ങംവേലി പുഷ്പനഗറില്‍ ചെറുകാട്ട്തുണ്ടയില്‍ സനീഷ് (37) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. നഗരസഭാ സ്റ്റാന്‍ഡിലെ സംഘര്‍ഷത്തില്‍ മനീഷ്, നൈസില്‍, സുഗതന്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. അടിമാലിയില്‍ ബസ്സുടമയെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് ഇരുമ്പുപാലം സ്വദേശി മനീഷ് എന്നും പോലീസ് വ്യക്തമാക്കി. മുനിസിപ്പല്‍ പ്രധാന സ്റ്റാന്‍ഡില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15-നും ഹൈറേഞ്ച് സ്റ്റാന്‍ഡില്‍ രാവിലെ 11-നുമാണ് തര്‍ക്കവും അടിപിടിയും ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.

തിരക്കുള്ള സമയത്ത് ബസിനുള്ളിലും പുറത്തുമായി യാത്രക്കാര്‍ ഉള്‍പ്പെടെയ നിരവധിപേര്‍ നോക്കിനില്‍ക്കെയാണ് ജീവനക്കാര്‍ ഏറ്റുമുട്ടിയത്. സമയത്തെച്ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ മിക്കവാറും തര്‍ക്കവും കൈയാങ്കളിയും ഉണ്ടാകുന്നത് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും ഭീഷണിയും ആശങ്കയും ഉണ്ടാക്കുകയാണ്. അടിക്കടിയുള്ള അടിപിടി യാത്രക്കാര്‍ക്കിടയില്‍ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ബസ് ജോലികളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →