LOADING

Type to search

കോതമംഗലത്ത് പരസ്പരം പോര്‍വിളിച്ച് മണ്ണ് മാഫിയ, പേടിച്ചു വിറച്ച് പൊലീസ്

Latest News Local News News

കോതമംഗലം>>>കോതമംഗലത്ത് മണ്ണ് മാഫിയ സജീവം. രാത്രികാലങ്ങളില്‍ ടിപ്പറുകളുടെ മത്സരഓട്ടവും മണ്ണുകടത്തും ജനങ്ങളെ ഭീതിയിലാക്കിയിട്ട് നാളുകളേറെയായി. മാഫിയകള്‍ തമ്മിലുള്ള കുടിപ്പക തുടര്‍ക്കഥയായിട്ടും പോലീസ് നിഷ്‌ക്രിയത്വം തുടരുന്നു.

പോലീസ് തണലിലാണ് കോതമംഗലം താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ മണ്ണ് മാഫിയ എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ച് നിയമലംഘനം നടത്തിവരുന്നത്. എന്നാല്‍ മണ്ണ് ഖനന ലോബികള്‍ പരസ്പരം പോലിസിന് ഒറ്റിക്കൊടുത്ത് എതിരാളിയുടെ ലോറികളും ജെ സിബികളും പിടിപ്പിക്കുന്നത് പതിവായതോടെ ഇവര്‍ തമ്മിലുള്ള കുടിപ്പക തെരുവിലേക്കെത്തുമെന്ന ഭീതിയിലാണ് ജനങ്ങള്‍. മാഫിയ സംഘങ്ങള്‍ തമ്മിലുള്ള വെല്ലുവിളികളും സംഭാഷണങ്ങളും പുറത്തായതോടെ ഇതൊരു ക്രമസമാധാന പ്രശ്‌നമായി ഉയര്‍ന്നു കഴിഞ്ഞു.

പോലീസ് നിഷ്‌ക്രിയമായതോടെ സജീവമായ മണ്ണ് മാഫിയ സംഘങ്ങള്‍ കോടികളുടെ കൊള്ളലാഭമാണ് മണ്ണ് കടത്തിലൂടെ സമ്പാദിക്കുന്നത്. എന്നാല്‍ മാഫിയകള്‍ തമ്മിലുള്ള മത്സരത്തിനിടയില്‍ പരസ്പരം ഒറ്റു തുടങ്ങിയതോടെയാണ് ഇവര്‍ തമ്മിലുള്ള കുടിപ്പക വര്‍ധിക്കുന്നത്. ലോഡ് പിടിക്കപ്പെടുന്നതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് മണ്ണ് കടത്ത് മാഫിയാ സംഘങ്ങള്‍ക്ക് ഉണ്ടാകുന്നത്. ഇതോടെയാണ് ഇവരുടെ കുടിപ്പക വെല്ലുവിളികളിലേക്കും വധഭീഷണിയിലേക്കും വരെ എത്തുന്നത്.

കഴിഞ്ഞ ദിവസം പുറത്തായമണല്‍ മാഫിയ സംഘങ്ങള്‍ തമ്മിലുള്ള സംഭാഷണം ഇത് ശരി വയ്ക്കുന്ന,കേവലം മാഫിയ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക എന്നതിന് അപ്പുറം വര്‍ഗീയ നിറം കൂടി കൈവന്നതോടെ നാടും ജനങ്ങളും മുള്‍മുനയിലാണ്. എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ് മണ്ണ് മാഫിയ സംഘങ്ങള്‍.


പുറത്തായ മാഫിയാ സംഘങ്ങള്‍ തമ്മിലുള്ള സംഭാഷണ ശകലത്തിലെ വെല്ലുവിളി നടത്തുന്നയാള്‍ നിരവധി ക്രിമനല്‍ കേസില്‍പ്പെട്ട് കോതമംഗലം പോലിസ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെന്നാണ് വിവരം.
മാഫിയ കുടിപ്പകയ്ക്ക് വര്‍ഗീയ നിറം കൂടി കൈവന്നതോടെ എന്തും സംഭവിക്കാം എന്ന നിലയിലാണ് കാര്യങ്ങള്‍. കുടിപ്പക വര്‍ഗീയ കലാപത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തോളം എത്തിയിട്ടും പോലീസ് പക്ഷെ ഇതൊന്നും അറിഞ്ഞ മട്ടില്ല.

മണ്ണ് മാഫിയയെ നിയന്ത്രിക്കാന്‍ ഒന്നും ചെയ്യാത്ത പോലീസ് സേനയിലെ പലരും ഇവരുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നു എന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്. പരസ്പരം കോല്ലാന്‍ പോലും മടിക്കാത്ത മാഫിയ സംഘങ്ങള്‍ പരസ്യമായി വെല്ലുവിളികളും ഭീഷണിയുമായി രംഗത്തെത്തിയിട്ടും പോലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നതില്‍ ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.