വന്യജീവി സംഘര്‍ഷം ലഘൂകരണം;കോതമംഗലം മണ്ഡലത്തിലെ പ്രശ്‌നബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും : മന്ത്രി എ കെ ശശീന്ദ്രന്‍

രാജി ഇ ആർ -

കോതമംഗലം >>>വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി സംസ്ഥാന തലത്തില്‍ തയ്യാറാക്കി വരുന്ന പദ്ധതിയില്‍ കോതമംഗലം മണ്ഡലത്തിലെ പ്രശ്‌ന ബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും കാട്ടാന ശല്യമുള്‍പ്പെടെയുള്ള വന്യജീവി ശല്യത്തില്‍ കൃഷി നാശം സംഭവിച്ചവര്‍ക്ക് നഷ്ട പരിഹാരം നല്കുന്നതിനു വേണ്ട ഫണ്ട് ലഭ്യമാക്കുന്നത് സംബന്ധിച്ച ഉറപ്പ് ധനകാര്യ മന്ത്രിയില്‍ നിന്നും ലഭിച്ചതായും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് അടിയന്തിരമായി നഷ്ട പരിഹാരം നല്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ വ്യക്തമാക്കി.ഇത് സംബന്ധിച്ച് ആന്റണി ജോണ്‍ എം എല്‍ എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുമ്പോള്‍ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോതമംഗലം മണ്ഡലത്തിലെ കോട്ടപ്പടി,പിണ്ടിമന, കുട്ടമ്പുഴ,കവളങ്ങാട്,കീരംപാറ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടാന അടക്കമുള്ള ഉള്ള വന്യമൃഗശല്യം രൂക്ഷമാവുകയാണ്.നിരന്തരമായ വന്യമൃഗ ശല്യത്തെ തുടര്‍ന്ന് കൃഷിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന മേല്‍ പ്രദേശങ്ങളിലെ കര്‍ഷകര്‍ അവരുടെ കൃഷികള്‍ ഉപേക്ഷിച്ചു പോവുകയാണ്.രാത്രിയോ പകലോ വ്യത്യാസമില്ലാതെ കൂട്ടമായി എത്തുന്ന കാട്ടാനകള്‍ കൃഷി നാശം വരുത്തുന്നതോടൊപ്പം തന്നെ എണ്ണമറ്റ വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുകയാണ്.

മുന്‍ കാലങ്ങളില്‍ വനത്തോട് ചേര്‍ന്ന ഭാഗങ്ങളില്‍ മാതം ഇറങ്ങിയിരുന്ന കാട്ടാന കൂട്ടം ഇപ്പോള്‍ ജനവാസ മേഖലകളില്‍ കൂടി വ്യാപിക്കുകയാണ്.നിരന്തരമായുള്ള കാട്ടാന ശല്യം മനുഷ്യ ജീവനും ഭീഷണിയാകുകയാണ്.കഴിഞ്ഞ കുറച്ച് വര്‍ഷമെടുത്ത് പരിശോധിച്ചാല്‍ കുട്ടമ്പുഴ പഞ്ചായത്തില്‍ മാത്രം മൂന്ന് പേരാണ്കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ടത്.

സമാന സാഹചര്യം മറ്റു പഞ്ചായത്തുകളിലും നിലനില്‍ക്കുന്നു.മുന്‍കാലങ്ങളില്‍ വിവിധ തരത്തിലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് വന്നിരുന്നെങ്കിലും അത് വേണ്ടത്ര ഫലപ്രദമാകാത്ത സാഹചര്യമാണുള്ളത്.ആയതിനാല്‍ കാട്ടാന അടക്കമുള്ള വന്യജീവി ശല്യം പരിഹരിക്കുന്നതിനായി ആധുനിക രീതിയിലുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഓരോ പ്രദേശത്തിന്റേയും പ്രത്യേകതകള്‍ക്കനുസരിച്ച് ഏര്‍പ്പെടുത്തണം.അതോടൊപ്പം വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ട പരിഹാരം ലഭ്യമാക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആന്റണി ജോണ്‍ എം എല്‍ എ സബ്മിഷനിലൂടെ നിയമസഭയില്‍ ആവശ്യപ്പെട്ടു.