ടൂറിസം വികസനം : ഉന്നതതല സംഘം അയ്യപ്പന്‍ മുടി സന്ദര്‍ശിച്ചു

രാജി ഇ ആർ -

കോതമംഗലം>>> ഏറെ വികസന സാധ്യതയുള്ള കോതമംഗലം നിയോജക മണ്ഡലത്തിലെ അയ്യപ്പന്‍ മുടിയില്‍ ടൂറിസം വികസനത്തിന് സാധ്യത ഒരുങ്ങുന്നു. 700 അടിയോളം ഉയരത്തില്‍ 100 ഏക്കറില്‍ അധികം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന അതി മനോഹരമായ പാറക്കെട്ടില്‍ ഏറെ ടൂറിസം വികസന സാധ്യതയാണ് ഉള്ളത്.

വിനോദ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വ്യത്യസ്ത അനുഭവം പകരുന്ന അയ്യപ്പന്‍ മുടിയുടെ ടൂറിസം വികസനത്തിന് ആന്റണി ജോണ്‍ എം എല്‍ എയുടെ ആവശ്യപ്രകാരം ടൂറിസം വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനായി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, ടൂറിസം പ്രോജക്ട് എന്‍ജിനീയര്‍ തുടങ്ങിയവര്‍ അടങ്ങുന്ന ഉന്നതതല സംഘം അയ്യപ്പന്‍ മുടി സന്ദര്‍ശിച്ചത്.

ദിവസേന നിരവധി ടൂറിസ്റ്റുകളാണ് കാഴ്ചകളുടെ വ്യത്യസ്ത അനുഭവം പകരുന്ന പ്രകൃതി മനോഹാരിത നിറഞ്ഞ അയ്യപ്പന്‍ മുടി സന്ദര്‍ശിക്കുവാനായി എത്തിക്കൊണ്ടിരിക്കുന്നത്.

ആന്റണി ജോണ്‍ എം എല്‍ എ ,മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.കെ.ടോമി, വാര്‍ഡ് കൗണ്‍സിലര്‍ സിജോ വര്‍ഗ്ഗീസ്, ഗ്രീന്‍ സര്‍ക്കിള്‍ ഭാരവാഹികളായ റ്റി.കെ.ജോസ് , എം.എം. ബേബി എന്നിവരോടൊപ്പമാണ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചത്. വിശദമായ പദ്ധതി രൂപരേഖ വേഗത്തില്‍ തയ്യാറാക്കി സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് സംഘം അറിയിച്ചു.