Type to search

കൂണ്‍ കൃഷിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ് ; ചെങ്ങന്നൂരിലെ സ്ഥാപനത്തിനെതിരെ പരാതി ; തട്ടിപ്പിന് കൃഷി വകുപ്പിന്റെ വാഹനവും ഉപയോഗിച്ചു

Latest News Local News News

ചെങ്ങന്നൂര്‍ >>> കൂണ്‍ കൃഷിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്. പാവപ്പെട്ട കര്‍ഷകരെ വഞ്ചിച്ച് വന്‍ തുക തട്ടിയെടുത്തതായി സൂചന. ചെങ്ങന്നൂരിലെ മഷ്രൂം റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (MRDO) എന്ന സ്ഥാപനത്തിനെതിരെ തട്ടിപ്പിന് ഇരയായവര്‍ പരാതി നല്‍കി. തട്ടിപ്പിന് കൃഷി വകുപ്പിന്റെ വണ്ടിയും ഉപയോഗിച്ചു. തട്ടിപ്പുകാരന് പിന്തുണ നല്‍കുന്നത് കോണ്‍ഗ്രസ് എന്ന് ആരോപണം.
ഹൈടെക് ഫാം നിര്‍മ്മിച്ചു നല്‍കാം എന്നുപറഞ്ഞ് നിരവധി പേരുടെ പക്കല്‍ നിന്നും ലക്ഷങ്ങള്‍ ഇവര്‍ കൈക്കലാക്കിയിട്ടുണ്ട്.

ചിലര്‍ക്ക് ഒരു ഷെഡ് മാത്രം നാലുകാലില്‍ വെച്ചുനല്കി. എന്നാല്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ഒരു ഇരുമ്പു തൂണുപോലും നല്‍കിയില്ല. 400 ചതുരശ്ര അടി വലിപ്പം ഉള്ള ഹൈടെക് ഫാം പൂര്‍ണ്ണമായി നിര്‍മ്മിച്ചു നല്‍കുന്നതിന് 3,85000 രൂപയാണ് നല്‍കേണ്ടത്. പോളി പ്രോപ്പലിന്‍ ഷീറ്റും ജി.ഐ പൈപ്പുകളും ഉപയോഗിച്ചാണ് നിര്‍മ്മിതി. ഫാമില്‍ കൂണ്‍ കൃഷിക്ക് ആവശ്യമായ ഷെല്‍ഫുകള്‍, കൂളര്‍, ഫോഗര്‍, ഹ്യുമഡിഫയര്‍, ഫാനുകള്‍ തുടങ്ങിയവ എല്ലാം ഈ ഹൈടെക് ഫാമില്‍ ഉണ്ടാകുമെന്നാണ് സ്ഥാപന ഉടമയുടെ ഉറപ്പ്. തട്ടിപ്പ് പരിപാടി വിജയിച്ചതോടെ നിരക്കുകളും ഇപ്പോള്‍ കൂട്ടിയിട്ടുണ്ട്

. പ്രതിമാസം 200 കിലോ ഉല്‍പ്പാദനശേഷിയുള്ള ഫാമിന് 2,25000 രൂപയും 400 കിലോ ഉല്‍പ്പാദനശേഷിയുള്ള ഫാമിന്(400 sq.ft) 4,65000 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. കേരളത്തില്‍ ഇരുനൂറോളം ഫാമുകള്‍ ഉണ്ടെന്നാണ് കമ്പിനിയുടെ അവകാശവാദം.
കേന്ദ്ര സര്‍ക്കാരിന്റെ MSME രജിസ്‌ട്രേഷന്‍ (Ministry of Micro, Small & Medium Enterprises) ഈ സ്ഥാപനം എടുത്തിട്ടുണ്ട്. ഇത് ഉയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ ഏജന്‍സിയാണെന്ന് സാധാരണ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിന് ഇരയാക്കുന്നത്. കൂടാതെ കയര്‍ ബോഡിന്റെ പേരും പരസ്യത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിനെതിരെ നിരവധി കര്‍ഷകര്‍ പരാതി ഉന്നയിച്ചുകഴിഞ്ഞു. തട്ടിപ്പിനിരയായവര്‍ വാട്‌സാപ് ഗ്രൂപ്പിലൂടെ സംഘടിച്ച് നിയമനടപടിയുമായി നീങ്ങുകയാണ്. എംആര്‍ ഡിഒ എന്നപേരില്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ച് മുഖ്യമന്ത്രിക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.


ചെങ്ങന്നൂര്‍ സ്വദേശിയായ ബിനു എന്‍.ദാസ് ആണ് ഇപ്പോള്‍ സ്ഥാപന ഉടമ. മുന്‍പ് മാവേലിക്കര സ്വദേശിനിയായ ഒരു വനിതയായിരുന്നു ഇത് നടത്തിയിരുന്നത്. അന്ന് നല്ല നിലയില്‍ നടന്നിരുന്നതാണ് ഈ സ്ഥാപനം. എന്തോ ചില പ്രശ്‌നങ്ങള്‍ മൂലം സ്ഥാപനം കുറച്ചുനാള്‍ അടച്ചിടെണ്ടി വന്നിരുന്നു. തുടര്‍ന്ന് ഈ സ്ഥാപനത്തിലെ ജീവനക്കാരന്‍ കൂടിയായിരുന്ന ബിനു ഈ സ്ഥാപനം ഏറ്റെടുത്ത് നടത്തുകയായിരുന്നു. കൂണ്‍ കൃഷിയില്‍ പരിശീലനം, കൂണ്‍ വിത്തുകള്‍ നല്‍കുക, കൂണ്‍ വിത്ത് ഉല്‍പ്പാദിപ്പിക്കുവാനുള്ള പരിശീലനം, ഹൈടെക് ഫാം നിര്‍മ്മിച്ചു നല്‍കല്‍, കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കൂണുകള്‍ ഉയര്‍ന്ന വിലക്ക് തിരികെ എടുക്കല്‍, എന്നിവയാണ് വാഗ്ദാനം. കൂണ്‍ കൃഷിയില്‍ മിക്കപ്പോഴും ഇവിടെ ക്ലാസ്സുകള്‍ നടക്കുന്നുണ്ട്.

ഒരാള്‍ക്ക് ഒരു ദിവസത്തെ ക്ലാസ്സിന് 1000 രൂപയാണ് നിരക്ക്. ഇപ്പോള്‍ ഇവിടെ ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സെപ്തംബര്‍ 20 ന് തുടങ്ങിയ ക്ലാസ് 25 ന് അവസാനിക്കും.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ ക്ലാസ്സിന് എത്താറുണ്ട്. ഒക്ടോബര്‍ 30 ന് വീണ്ടും ഇവിടെ ക്ലാസ്സുകള്‍ നടക്കും.


ഫാം നിര്‍മ്മിക്കുവാന്‍ താല്‍പ്പര്യം പറഞ്ഞാല്‍ അടുത്തത് സ്ഥല പരിശോധനയാണ്. എവിടെയാണെങ്കിലും ചെങ്ങന്നൂരില്‍ നിന്നും ജീവനക്കാര്‍ നേരിട്ടെത്തി സ്ഥല പരിശോധന നടത്തി അപ്രൂവല്‍ നല്‍കും. തുടര്‍ന്ന് ഒരു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങും. 45 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി നല്‍കുമെന്നാണ് ഉറപ്പുനല്കുന്നത്. എന്നാല്‍ മൂന്നര വര്‍ഷമായിട്ടും പലരും കൂണ്‍ കൃഷി സ്വപ്നം കാണുകയാണ്. സംശയം തോന്നിയതോടെ പലരും കൂടുതല്‍ അന്വേഷിച്ചു. രണ്ടു ലക്ഷത്തി പതിനായിരം രൂപയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ഫാം ആണ് തങ്ങള്‍ക്കു മൂന്നു ലക്ഷത്തി എണ്‍പത്തി അയ്യായിരം രൂപക്ക് നല്‍കുന്നതെന്നും തട്ടിപ്പിന് ഇരയായവര്‍ പറഞ്ഞു.


അഡ്വാന്‍സ് ഒരു ലക്ഷം രൂപ നല്‍കിക്കഴിഞ്ഞാല്‍ ഫാം നിര്‍മ്മിച്ചു കൈമാറുമ്പോള്‍ ബാക്കി മുഴുവന്‍ തുകയും നല്‍കിയാല്‍ മതിയെന്നാണ് ആദ്യം പറയുക. എന്നാല്‍ ഫാം നിര്‍മ്മാണം ആരംഭിക്കാതെ തന്നെ ഇവര്‍ വീണ്ടും പണം ആവശ്യപ്പെടും. ഇതാണ് പതിവ് രീതി. മുഴുവന്‍ പണവും കയ്യില്‍ എത്തിയാല്‍ പിന്നെ പൊടിപോലും ഇല്ല കണ്ടുപിടിക്കാന്‍. ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കില്ലെന്ന് തട്ടിപ്പിന് ഇരയായവര്‍ പറയുന്നു. നിരവധിയാളുകള്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും പരാതിയുമായി നീങ്ങിയിട്ടുള്ളവര്‍ കുറച്ചുപേര്‍ മാത്രമാണ്.


18 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമാണ് പരസ്യത്തിലൂടെ ഇവര്‍ അവകാശപ്പെടുന്നത്. കര്‍ഷകശ്രീ ഉള്‍പ്പെടെയുള്ള കാര്‍ഷിക പ്രസിദ്ധീകരണങ്ങളിലും പ്രചാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന ദിനപ്പത്രങ്ങളിലും പരസ്യം നല്‍കിയാണ് പുതിയ ഇരകളെ ഇവര്‍ തേടുന്നത്. താല്‍പ്പര്യമുള്ളവരെ കൂണ്‍ കൃഷിയില്‍ ശാസ്ത്രീയ പരിശീലനം നല്‍കുവാന്‍ ഇവര്‍ ചെങ്ങന്നൂരില്‍ വിളിച്ചുവരുത്തും. ക്ലാസ്സില്‍ പങ്കെടുക്കുന്നവരെ ഹൈടെക് ഫാം നിര്‍മ്മിക്കുവാന്‍ പ്രലോഭിപ്പിക്കും. കൂണ്‍ കൃഷിയുടെ നേട്ടങ്ങളും ലാഭവും പറഞ്ഞ് ക്ലാസ്സില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേരെയും ഹൈടെക് ഫാം നിര്‍മ്മാണം എന്നതിലേക്ക് എത്തിക്കും. ഈ ഫാമുകള്‍ എല്ലാം നിര്‍മ്മിച്ചുനല്കുന്നത് ചെങ്ങന്നൂരിലെ ഈ സ്ഥാപനമാണ്.


കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ സ്വദേശിനി ബിന്നി ജോസഫ് ഈ തട്ടിപ്പില്‍ ഇരയായ ഒരാളാണ്. ഹൈടെക് ഫാം നിര്‍മ്മിക്കുവാന്‍ 2020 ഡിസംബര്‍ 28നാണ് ഒരു ലക്ഷം രൂപ നല്‍കിയത്. എന്നാല്‍ പറഞ്ഞത് പ്രകാരം ഒന്നും നടന്നില്ല. തുടര്‍ന്ന് ബിന്നി ജോസഫ് പണം മടക്കി നല്‍കിയാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ അതിനുള്ള നടപടികളും സ്ഥാപനം ചെയ്തിരുന്നു.

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണം മടക്കി നല്‍കിയില്ല. തുടര്‍ന്ന് ചെങ്ങന്നൂര്‍ ഓഫീസില്‍ നേരിട്ടെത്തി പണം വാങ്ങുവാന്‍ ഇവര്‍ തയ്യാറെടുത്തു. ഇതറിഞ്ഞ സ്ഥാപന ഉടമ ഇവര്‍ക്കെതിരെ ചെങ്ങന്നൂര്‍ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കി നിരോധന ഉത്തരവ് വാങ്ങി.

ഇതുപ്രകാരം പരാതിക്കാര്‍ക്ക് ചെങ്ങന്നൂരിലെ ഈ സ്ഥാപനത്തില്‍ കയറുവാന്‍ കഴിയില്ലെന്നായി. ഇതേതുടര്‍ന്ന് കൂത്തുപറമ്പ് കോടതിയില്‍ സ്ഥാപന ഉടമ ബിനു എന്‍.ദാസിനെതിരെ ബിന്നി ജോസഫ് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. ഇതനുസരിച്ച് അടുത്തമാസം 12 ന് പ്രതി ബിനു എന്‍.ദാസ് ഹാജരാകുവാന്‍ കോടതി നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

ആദ്യമായി വിളിക്കുന്നവരോട് കൂടുതല്‍ വ്യക്തമായി ഇവര്‍ കാര്യങ്ങള്‍ പറയില്ല. ഫാം നേരിട്ട് കാണാനും അനുവദിക്കില്ല. പണമടച്ച് ക്ലാസ്സില്‍ ചേരുന്നതോടെ പ്രത്യേകം ഗ്രൂപ്പുകളില്‍ ഇവരെ ഉള്‍പ്പെടുത്തും. അതിനുശേഷം മാത്രമേ ഫാം കാണുവാന്‍ അനുവദിക്കൂ. ഇപ്പോള്‍ വിളിക്കുന്നവരോട് മുഴുവന്‍ തുകയും അടച്ചുകഴിഞ്ഞ് 45 ദിവസത്തിനുള്ളില്‍ ഫാം നിര്‍മ്മിച്ചു നല്‍കാമെന്നാണ് ഇവര്‍ പറയുന്നത്.

റാന്നി സെന്റ് തോമസ് കോളേജിനെ കൂട്ടുപിടിച്ച് അവിടെ പരിശീലന പരിപാടി നടത്തുവാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ഇവര്‍. ഇതിലൂടെ കൂടുതല്‍ വിശ്വാസ്യത നേടിയെടുക്കാമെന്നും കൂടുതല്‍ ഇരകളെ കണ്ടെത്തുവാനും ഇവര്‍ക്ക് കഴിയും.

ചെങ്ങന്നൂര്‍ സ്വദേശി ഷാജിയും 3,85000 രൂപ മുടക്കി. ഫാം പണിതു നല്കാതായത്തോടെ ഷാജി കേസ് നല്‍കാന്‍ തയ്യാറെടുത്തു. പെട്ടെന്ന് എന്തോ ഒന്ന് തട്ടിക്കൂട്ടി കൊടുത്തു. പറഞ്ഞതിന്‍ പ്രകാരമായിരുന്നില്ല പണികള്‍ നടത്തിയതും ഉപകരണങ്ങള്‍ നല്കിയതും. ഫോര്‍ട്ട് കൊച്ചി സ്വദേശിനി ശ്രീ ലക്ഷ്മി മുടക്കിയത് നാല് ലക്ഷത്തിലധികം രൂപയാണ്. പണം നല്‍കിയിട്ടും പറഞ്ഞ സമയത്ത് ഇവിടെയും ഫാം നിര്‍മ്മിച്ചു നല്‍കിയില്ല.

അവസാനം വഴക്കിലേക്ക് നീങ്ങിയപ്പോള്‍ ഇവിടെയും ഫാം എന്ന് തോന്നിക്കുന്ന ഒന്ന് പണിത് നല്‍കി. നിലവാരമില്ലാത്ത ഉപകരണങ്ങളാണ് ഇവിടെയും നല്‍കിയത്. പോലീസില്‍ പരാതി നല്‍കിയിട്ടും ഒന്നും നടന്നില്ല.

പരാതിക്കും രസീത് നല്‍കിയില്ല. പോലീസിനെ സ്വാധീനിച്ച് കേസുകളും പരാതികളും എല്ലാം ഒതുക്കി തീര്‍ക്കുകയാണ് സ്ഥാപന ഉടമ ബിനു. ഫോര്‍ട്ട് കൊച്ചിയില്‍ ശ്രീ ലക്ഷ്മിയുടെ വീട്ടില്‍ ബിനു എത്തിയത് കൃഷി വകുപ്പിന്റെ വാഹനത്തിലായിരുന്നു. ഇത് കൂടുതല്‍ വിശ്വാസ്യത ഉണ്ടാക്കിയെന്ന് ശ്രീ ലക്ഷ്മി പറയുന്നു.

ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി രഞ്ജിത്തിനും കിട്ടിയത് എട്ടിന്റെ പണിയാണ്. വീല്‍ചെയറില്‍ ജീവിതം തള്ളി നീക്കുന്ന ഇദ്ദേഹവും 3,53000 രൂപ നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും ഫാമുമില്ല കൂണുമില്ല.

അങ്ങനെ ഈ മാസം 10 ന് ആറന്മുള പോലീസില്‍ പരാതി നല്‍കി. ബാലന്‍സ് കൊടുക്കേണ്ട 32000 രൂപ കൂടി നല്‍കിയാലേ ഫാം പണിതു നല്‍കൂയെന്നായി സ്ഥാപന ഉടമ ബിനു. അവസാനം പോലീസിന്റെ മധ്യസ്ഥതയില്‍ കഴിഞ്ഞ ദിവസം ഫാം പണി തുടങ്ങി.

ചെങ്ങന്നൂര്‍ സ്വദേശി ഗോപകുമാറിനും അബദ്ധം പിണഞ്ഞു. ഫാം തുടങ്ങാന്‍ പണം കണ്ടെത്തിയത് മുദ്ര ലോണിലൂടെയാണ്. ഇതിന് സഹായം ചെയ്തു നല്‍കിയത് സ്ഥാപന ഉടമയുമാണ്. 2019 മാര്‍ച്ചില്‍ 3,85000 രൂപ കൂണ്‍ കമ്പിനിക്ക് നല്‍കി. 2020 മാര്‍ച്ചില്‍ ഒരു ഷെഡ് പണിതു നല്‍കി. 400 ചതുരശ്ര അടിയുടെ തുക കൈപ്പറ്റിയെങ്കിലും പണിത ഷെഡ് 290 ചതുരശ്ര അടിയില്‍ ഒതുങ്ങി. സ്ഥലപരിമിതി ഇവിടെയുണ്ടെന്ന് മനസ്സിലായിരുന്നെങ്കിലും 400 ചതുരശ്ര അടിയുടെ ഫാം നിര്‍മ്മിക്കുവാന്‍ ലോണ്‍ എടുപ്പിച്ച് തുക അടിച്ചുമാറ്റി. സഹികെട്ട ഗോപകുമാര്‍ 2021 ജനുവരിയില്‍ ആലപ്പുഴ കണ്‍സ്യുമര്‍ കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്.

കോതമംഗലം സ്വദേശിയായ വീട്ടമ്മയാണ് ബിന്‍സി ഷിബു. സ്വര്‍ണ്ണം പണയം വെച്ചാണ് 3,85000 രൂപ കൂണ്‍ കമ്പിനിക്ക് നല്‍കിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും കൂണ് വളര്‍ത്താന്‍ ഇവിടെ ഫാം ഉയര്‍ന്നില്ല. അവസാനം കോതമംഗലം പോലീസില്‍ പരാതി നല്‍കുവാന്‍ ഒരുങ്ങിയപ്പോള്‍ ഇവിടെ ഒരു ഷെഡ് പണിതു നല്‍കി. എന്നാല്‍ ഇവിടെ കൂണ്‍ കൃഷി ചെയ്യുവാന്‍ ഒരു സംവിധാനവും ഒരുക്കി നല്‍കിയില്ല. കൂണ്‍ വിത്തിനും മറ്റു ചിലവുകള്‍ക്കുമായി എല്ലാവര്ക്കും ഒന്നര ലക്ഷത്തോളം രൂപ അധികമായി നല്‍കേണ്ടിവന്നു. ബിന്‍സിയും ഇപ്രകാരം അധികതുക നല്‍കി. ലക്ഷങ്ങള്‍ മുടക്കിയ ഷെഡ് നോക്കുകുത്തിയായി ഇപ്പോള്‍ നില്‍ക്കുന്നു.

ഇനിയുമുണ്ട് നിരവധി ആളുകള്‍, കൂണ്‍ കൃഷിയുടെ പേരില്‍ തട്ടിപ്പിന് ഇരയായിട്ടുള്ളവര്‍, മിക്കവരും സാമ്പത്തികമായി ഏറെ വിഷമിക്കുന്നവരാണ്. കേരളത്തിന്റെ പല പ്രദേശത്തും താമസിക്കുന്ന ഇവര്‍ എന്തു ചെയ്യണമെന്നറിയാതെ ഉഴലുമ്പോള്‍ ഈയാം പാറ്റകളെപ്പോലെ മറ്റു ചിലര്‍ തട്ടിപ്പിലേക്ക് വഴുതിവീഴുന്നു. സ്ഥാപന ഉടമ ബിനു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. പല കോണ്‍ഗ്രസ് നേതാക്കളും ഇയാളെ വഴിവിട്ട് സഹായിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ പലരുടെയും പ്രതിഷേധവും രോഷവും ഫലത്തിലെത്തിയിട്ടില്ല. എന്നാല്‍ അടുത്ത നാളില്‍ രൂപംകൊണ്ട ആക്ഷന്‍ കൌണ്‍സില്‍ ശക്തമായ നിയമ നടപടിക്ക് ഒരുങ്ങുകയാണ്. തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിക്കൊണ്ടിരിക്കുകയാണ്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.