വൈൻ കുടിപ്പിച്ച് മയക്കി ലോഡ്ജിലും വാടക വീട്ടിലും എത്തിച്ച് പീഡിപ്പിച്ചു: കെഎസ്ഇബി ജീവനക്കാരനെതിരെ വീട്ടമ്മയുടെ പരാതി

രാജി ഇ ആർ -

കൊല്ലം>>> വിവാഹവാഗ്ദാനം നൽകി കെഎസ്ഇബി ജീവനക്കാരൻ പീഡിപ്പിച്ചതായി വീട്ടമ്മയുടെ പരാതി. വൈൻ കുടിച്ച് മയങ്ങിപ്പോയ തന്നെ യുവാവ് ലോഡ്ജിലും വാടക വീട്ടിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്.

കൊല്ലം കരവാളൂർ കെഎസ്ഇബി സെക്ഷനിലെ താൽക്കാലിക ജീവനക്കാരനെതിരെ ആണ് കൊട്ടാരക്കര സ്വദേശിയായ യുവതി പരാതിപെട്ടിരിക്കുന്നത്. പുനലൂർ ഡിവൈഎസ്പിക്കും കൊല്ലം റൂറൽ എസ് പിക്കും ആണ് പരാതി നൽകിയിരിക്കുന്നത്.

വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് ലോഡ്ജിലും വാടക വീട്ടിലും കൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കൊല്ലത്തുള്ള ലോഡ്ജിൽ അഞ്ച് തവണ കൊണ്ട് പോയി പീഡിപ്പിച്ചെന്നും യുവാവിന്റെ വീട്ടിൽ ആളില്ലാത്തപ്പോഴൊക്കെ തന്നെ വിശ്വസിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് യുവതി പറയുന്നത്. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ് യുവതി.

അഞ്ചലിലെ ലോഡ്ജിൽ വെച്ച് വൈൻ ആണെന്ന് പറഞ്ഞ് മയക്കുമരുന്ന് കലക്കി തന്നെന്നും അത് കഴിച്ച തനിക്ക് തലപൊക്കാൻ പോലും പറ്റാത്ത അവസ്ഥയിലായെന്നും യുവതി പറയുന്നു. ലോഡ്ജ് മുറിയിൽ മയങ്ങിവീണ തന്നെ ഇയാൾ പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്.

പിന്നീട് ബോധം വന്നത് രാത്രി എട്ട് മണിയോടെ ആണെന്നും അപ്പോൾ വീണ്ടും 4 കുപ്പി ബിയർ വാങ്ങിക്കൊണ്ട് വന്ന് അതിൽ ഒരെണ്ണം തന്റെ വായി ഒഴിപ്പിച്ച് വീണ്ടും പീഡിപ്പിച്ചെന്നാണ് പരാതി. ഒരു ദിവസം മുഴുവൻ അയാൾ തന്നെ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നും പിറ്റേന്ന് രാവിലെയാണ് വീട്ടിലേക്ക് കൊണ്ടുവിട്ടതെന്നും യുവതി പറയുന്നു.

ലോഡ്ജിൽ വെച്ച് പകർത്തിയ തന്റെ നഗ്‌നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി അയാൾ നിരന്തരം വിളിക്കുമായിരുന്നെന്നും തന്നെ പലതവണ ലോഡ്ജിലും വാടക വീട്ടിലും എത്തിച്ച് പീഡിപ്പിച്ചെന്നും യുവതി പറയുന്നു. താൻ അല്ലെ നിന്നെ ആദ്യം തൊട്ടത് അതിനാൽ താൻ വിവാഹം കഴിക്കാമെന്നും അയാൾ വാഗ്ദാനം നൽകിയെന്നുമാണ് യുവതി പറയുന്നത്.