LOADING

Type to search

കൊല്ലത്തു നിന്ന് മത്സ്യബന്ധന ബോട്ട് വാങ്ങിയത് മനുഷ്യക്കടത്തിനെന്ന് കണ്ടെത്തല്‍

Latest News Local News News

കൊല്ലം>>>മനുഷ്യക്കടത്തിന് കൊല്ലത്തു നിന്ന് ബോട്ട് വാങ്ങിയ സംഭവത്തില്‍ രാമേശ്വരം സ്വദേശി തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയില്‍. രമേശ്വരം സ്വദേശി ജോസഫ് രാജാണ് ക്യൂ ബ്രാഞ്ച് കസ്റ്റഡിയില്‍ ഉള്ളത്. ഇയാള്‍ ബോട്ടുവാങ്ങിയത് നീണ്ടകര സ്വദേശി ഷഫീര്‍ എന്നയാളില്‍ നിന്നുമാണ്.

കുളത്തൂപ്പുഴയില്‍ ശ്രീലങ്കന്‍ തമിഴ് വംശജര്‍ താമസിക്കുന്ന പ്രദേശത്തെ സ്ത്രീയെ ബിനാമിയാക്കി ജോസഫ് രാജ് ബോട്ടു വാങ്ങിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ബോട്ടു വിറ്റുവെന്നും എന്തിന് ഉപയോഗിക്കുന്നുവെന്ന് അറിയില്ലെന്നും ഷഫീര്‍ പറഞ്ഞു.

ശ്രീലങ്കന്‍ തമിഴ് വംശജരെ തമിഴ്‌നാട്ടില്‍ പാര്‍പ്പിച്ചിട്ടുള്ള നാലു ക്യാമ്ബുകളില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് മനുഷ്യകടത്ത് നടന്നുവെന്ന സംശയത്തിലാണ് ക്യൂ ബ്രാഞ്ച് അന്വേഷണം നടക്കുന്നത്. നീണ്ടകര സ്വദേശി ഷഫീര്‍ തമിഴ്‌നാട് രാമേശ്വരം സ്വദേശി ജോസഫ് രാജ് എന്നിവര്‍ പങ്കാളിത്തത്തോടെ സെന്റ് അലക്‌സ് എന്ന ബോട്ട് ഉപയോഗിച്ചിരുന്നു.

ഈ വര്‍ഷം ഏപ്രിലില്‍ 45 ലക്ഷം രൂപ നീണ്ടകര സ്വദേശിക്ക് നല്‍കിയാണ് ജോസഫ് രാജിന്റെ ഇടപാടില്‍ ബോട്ട് വില്പന നടന്നത്. കുളത്തൂപ്പുഴയില്‍ ശ്രീലങ്കന്‍ തമിഴ് വിഭാഗം കഴിയുന്ന കേന്ദ്രത്തിലെ സ്ത്രീയെ ബിനാമിയാക്കിയാണ് ബോട്ട് വാങ്ങിയത്. കേരളത്തിലെ ബോട്ടിന്റെ രജിസ്‌ട്രേഷന്‍ തമിഴ്‌നാട്ടിലേക്ക് മാറ്റുന്നതിന് നിയമപരമായി നിരവധി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇത് ഒഴിവാക്കുന്നതിനുവേണ്ടി കുളത്തുപുഴയിലെ സ്ത്രീയുടെ പേരില്‍ ബോട്ട് വാങ്ങുന്നു എന്ന വിശദീകരണമാണ് ജോസഫ് രാജ് ഉടമയ്ക്ക് നല്‍കിയത്.

രാമേശ്വരത്ത് എത്തിച്ച ബോട്ട് രൂപമാറ്റം വരുത്തിയ കാര്യം ക്യൂ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. ഡീസല്‍ ടാങ്കിന്റെ വലിപ്പം കൂട്ടുകയും 50 പേര്‍ക്ക് സഞ്ചരിക്കാവുന്ന തരത്തില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കുകയും ചെയ്തു. ബോട്ട് കാണാനില്ലെന്നു പറഞ്ഞ് ജോസഫ് രാജ് രാമേശ്വരം പോലീസിനെ സമീപിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ക്യൂബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാണ്മാനില്ല എന്ന പരാതി വ്യാജമെന്ന് തെളിഞ്ഞത്. നിലവില്‍ ജോസഫ് രാജ് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലാണ്. ബിനാമിയായ സ്ത്രീയെ തമിഴ്‌നാട് പോലീസ് ചോദ്യം ചെയ്തുവെന്നും വിവരമുണ്ട്. നീണ്ടകരയില്‍ നിന്ന് മനുഷ്യക്കടത്തിന് ബോട്ട് കൊണ്ടുപോയ സംഭവത്തില്‍ നേരത്തെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേരളത്തില്‍ അടുത്തിടെ വില്പന നടത്തിയ മത്സ്യബന്ധന ബോട്ടുകളെക്കുറിച്ച് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു. നീണ്ടകരയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയ ബോട്ട് മനുഷ്യക്കടത്തിന് ഉപയോഗിച്ചുവെന്ന നിഗമനത്തെ തുടര്‍ന്നാണ് വിവിധ ഏജന്‍സികളുടെ അന്വേഷണം. അതേസമയം തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കൊല്ലത്തെത്തി ബോട്ട് ഉടമകള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ജോസഫ് രാജില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ തീരത്ത് വ്യാപക പരിശോധന നടത്തിയത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ വില്‍പ്പന നടത്തിയ മത്സ്യബന്ധന ബോട്ടുകളെ കുറിച്ചാണ് അന്വേഷണം. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.

തമിഴ്‌നാട്ടിലെ പുനരധിവാസ ക്യാമ്ബുകളില്‍ നിന്ന് ശ്രീലങ്കന്‍ തമിഴ് കുടുംബങ്ങളെ കാണാതായിട്ടുമുണ്ട്. രണ്ടു ദിവസമായി ക്യൂബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജില്ലയുടെ തീരദേശത്ത് കോസ്റ്റല്‍ പോലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നുണ്ട്. കൂടുതല്‍ ബോട്ടുകള്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് പോയിട്ടുണ്ടോ എന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലേക്ക് മനുഷ്യക്കടത്ത് നടക്കുന്നതായാണ് സൂചന.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.