‘ഗവര്‍ണറുടെ നിലപാടില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് കരുതുന്നില്ല’:ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കില്ല: കോടിയേരി

-

തിരുവനന്തപുരം>>ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ സര്‍ക്കാര്‍ മാറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . ഗവര്‍ണര്‍ തുടരണമെന്നാണ് എല്‍ഡിഎഫ് നിലപാട്. ഗവര്‍ണറുടെ നിലപാടില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു. കണ്ണൂര്‍ വിസി നിയമനവിവാദത്തില്‍ വീണ്ടും സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ് ഗവര്‍ണര്‍. കണ്ണൂര്‍ വിസി നിയമന കേസില്‍ ഹൈക്കോടതി ഗവര്‍ണര്‍ക്ക് അയച്ച നോട്ടീസ് സര്‍ക്കാരിലേക്ക് തട്ടി ഒഴിഞ്ഞുമാറിയിരിക്കുകയാണ് ഗവര്‍ണര്‍. ചാന്‍സലര്‍ സ്ഥാനം ഒഴിഞ്ഞതിനാല്‍ നോട്ടീസ് കൈപ്പറ്റില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.

ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ച് നില്‍ക്കുന്നതോടെ കോടതിയുടെ നോട്ടീസിലടക്കം സര്‍ക്കാരിന്റെ അടുത്ത നടപടി പ്രധാനമാണ്. ചാന്‍സലര്‍ പദവി ഏറ്റെടുക്കണമെന്ന ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. ചട്ടപ്രകാരം നിലവില്‍ ഗവര്‍ണര്‍ തന്നെയാണ് ചാന്‍സലര്‍ എന്നിരിക്കെ നോട്ടീസ് ഗവര്‍ണര്‍ തന്നെ കൈപ്പറ്റണമെന്ന മറുപടിയുമായി സര്‍ക്കാര്‍ നോട്ടീസ് രാജ്ഭവന് തിരിച്ച് കൈമാറാനും സാധ്യതയുണ്ട്. ജനുവരി 12 ന് കേസ് പരിഗണിക്കാനിരിക്കെ കോടതിയുടെ നിലപാടും നിര്‍ണ്ണായകമാണ്. സര്‍ക്കാരുമായി ഒരു വിട്ടുവീഴ്ച്ചയ്ക്കും ഗവര്‍ണര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഒത്തുതീര്‍പ്പ് നീളുകയാണ്. പാര്‍ട്ടി സമ്മേളന തിരക്കിലുള്ള മുഖ്യമന്ത്രി ഇതുവരെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →