കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ നിലപാട് ചോദ്യം ചെയ്തു ഹൈക്കോടതി

-

കൊച്ചി>>കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ നിലപാട് ചോദ്യം ചെയ്തു ഹൈക്കോടതി.

സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്റെ പാളിച്ചകള്‍ മറികടക്കാനാകരുത് വീണ്ടും വിസ്തരിക്കുന്നത്. സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യമെന്നും ഹൈക്കോടതി പറഞ്ഞു.

വിചാരണ കോടതി നടപടിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. പ്രോസിക്യൂഷന്‍ കേസിന് അനുസൃതമായി സാക്ഷികളെ ഉണ്ടാക്കാനാണെന്നും സംശയിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. സംവിധായകന്റെ വെളിപ്പെടുത്തലും കേസും തമ്മില്‍ എന്താണു ബന്ധമെന്ന് ഹൈക്കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ കേസിനെ എങ്ങനെ സഹായിക്കുമെന്നും കോടതി ചോദിച്ചു.

നേരത്തെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരൊയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് രഹസ്യമൊഴിയെടുക്കാന്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന് സമന്‍സ് അയച്ചിരുന്നു. ജനുവരി 12നായിരിക്കും മൊഴി രേഖപ്പെടുത്തുക. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം സി.ജെ.എം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

കേസിലെ ഒന്നാം പ്രതി സുനില്‍ കുമാറുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍വെച്ച് കണ്ടുവെന്നുമടക്കമുള്ള സുപ്രധാന വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി എറണാകുളം സി.ജെ.എം കോടതിയെ സമീപിച്ചത്. ഇനി ഒരു മജിസ്ട്രേറ്റ് കോടതിയെ, കോടതി ചുമതലപ്പെടുത്തും. തുടര്‍നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാണ് നീക്കം.

ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം കേസ് പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്നത്. ഡി.വൈ.എസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് കേസിന്റെ തുടരന്വേഷണം നടക്കുക. കേസില്‍ ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാനാണ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയമിച്ച് പൊലീസ് മേധാവി ഉത്തരവിറക്കിയത്. കെ.പി ഫിലിപ്പ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ സംഘത്തില്‍ ഉണ്ടാകും. ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച തുടരന്വേഷണം നടത്തിയ ബൈജു എം പൗലോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

അന്നത്തെ പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന ക്രൈം ബ്രാഞ്ച് എസ്പിമാരായ കെ.എസ് സുദര്‍ശന്‍ എം.ജെ സോജന്‍ എന്നിവര്‍ പുതിയ സംഘത്തിലുമുണ്ട്. നെടുമ്ബാശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം ബൈജുവിനേയും ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. കേസിലെ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കാനുണ്ട്. ഇതിനായാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്.

നടന്‍ ദിലീപിനേയും പള്‍സര്‍ സുനിയേയും കൂടുതല്‍ ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ആലുവയിലെ ഒരു വിഐപി ദിലീപിന് എത്തിച്ചു നല്‍കി എന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ആലുവയിലെ വി.ഐപി ആരെന്ന് ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. കേസുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ഇതിലെല്ലാം തന്നെ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതുള്‍പ്പെടെ പരിഗണിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →