കെട്ടിടം കത്തിനശിച്ചു, ഫയലുകള്‍ നഷ്ടമായി; അട്ടിമറി സാധ്യത തള്ളുന്നില്ല, അന്വേഷണം

-

വടകര>>കോഴിക്കോട് വടകര താലൂക്ക് ഓഫീസിലുണ്ടായ തീ പിടുത്തം സംബന്ധിച്ച് അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊലീസും ഇലക്ട്രിക്കല്‍ വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. രാവിലെ 6 മണിയോടെയാണ് തീ കണ്ടത്. താലൂക്ക് ഓഫീസ് കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. തീ ഇതുവരെ നിയന്ത്രണ വിധേയമായില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഓഫീസിലുണ്ടായിരുന്ന 85 ശതമാനം ഫയലുകളും കത്തി നശിച്ചെന്ന് ജീവനക്കാര്‍ പറയുന്നു. 2019 ന് മുമ്പുള്ള ഫയലുകളാണ് കത്തിയത്. സമാന്തര സംവിധാനം ഒരുക്കാന്‍ റവന്യു അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിപുരാവസ്തു വകുപ്പിന്റെ പൈതൃക പട്ടികയിലുള്ള കെട്ടിടമാണ് കത്തി നശിച്ചത്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരും വടകര എംഎല്‍എ കെ കെ രമയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ലാന്റ് അക്വിസിഷന്‍ ഓഫീസില്‍ രണ്ട് തവണ തീപിടുത്തമുണ്ടായിരുന്നു. അതിന്റെ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കെ കെ രമ പറഞ്ഞു.

പുറത്തു നിന്നുള്ള ഇടപെടല്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്നു റവന്യു മന്ത്രി കെ രാജന്‍ പ്രതികരിച്ചു. പ്രാഥമിക പരിശോധനകള്‍ നടക്കുകയാണ്. എന്തെല്ലാം രേഖകള്‍ നഷ്ടമായി എന്നു പരിശോധിക്കും. സമഗ്രമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

തീ ശ്രദ്ധയില്‍ പെട്ട് മൂന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും പൂര്‍ണമായി അണയ്ക്കാന്‍ ഫയര്‍ ഫോഴ്‌സിന് കഴിഞ്ഞില്ല. കുറ്റ്യാടി, നാദാപുരം എംഎല്‍എമാരും സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടായിരുന്നു. അതിനിടെ, നാദാപുരം എം എല്‍ എ ഇ കെ വിജയന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് പൊകുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ വടകരയില്‍ യോഗം ചേരുന്നുണ്ട്. അട്ടിമറി സാധ്യതയടക്കം എല്ലാം പരിശോധിക്കുമെന്ന് റൂറല്‍ എസ്പി അറിയിച്ചു. വടകര ഡിവൈഎസ്പിക്ക് ആണ് അന്വേഷണ ചുമതല.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →