ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ തള്ളി കെഎംപിജിഎ.

-

തിരുവനന്തപുരം>>ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ തള്ളി കെഎംപിജിഎ. നിയമിക്കുന്ന നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരുടെ എണ്ണം പര്യാപ്തമല്ല. പി ജി ഡോക്ടര്‍മാര്‍ മാത്രമായി ആയിരം പേരുടെ കുറവുണ്ട്. എന്നാല്‍, പകരം നല്‍കുന്നത് 373 പേരെ മാത്രമാണെന്നാണ് ആക്ഷേപം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിയോഗിക്കുന്നത് 50 പേരെ മാത്രമാണ്. 4% സ്‌റ്റൈപ്പന്‍ഡ് വര്‍ധനവ് ഉറപ്പ് 4 മാസം മുന്‍പ് നല്‍കിയതാണെന്നും സമരക്കാന്‍ വിമര്‍ശിക്കുന്നു. ഈ സഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് പി ജി ഡോക്ടര്‍മാരുടെ തീരുമാനം. അധ്യാപകര്‍ അടക്കം കൂടുതല്‍ സംഘനകള്‍ പി ജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് ഒഴികെ എല്ലാ ചികിത്സ വിഭാഗങ്ങളും ബഹിഷ്‌കരിച്ചുള്ള പിജി ഡോക്ടര്‍മാരുടെ സമരം രണ്ടാം ദിവസവും തുടരുന്നു. ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങാത്ത സാഹചര്യത്തിലാണ് സമരം തുടരാനുള്ള തീരുമാനം.

സമരം തുടര്‍ന്നാല്‍ പ്രതിസന്ധിയാകുമെന്നാണ് മെഡിക്കല്‍ കോളേജുകളിലെ വിലയിരുത്തല്‍. വിമര്‍ശനം ശക്തമായതോടെ ഹോസ്റ്റലുകളില്‍ നിന്ന് സമരക്കാരെ ഒഴിപ്പിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു. അതേസമയം, സമരക്കാരുടെ പ്രധാന ആവശ്യമായ, നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. തിങ്കളാഴ്ച ഇതിനായുള്ള അഭിമുഖം നടക്കും.

ജോലിഭാരം കുറയ്ക്കാന്‍ 373 നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്ന് കാട്ടിയാണ് പിജി ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ടു പോവുന്നത്. സ്‌റ്റൈപ്പന്‍ഡ് വര്‍ധനവില്‍ തീരുമാനമില്ലാത്തതും, സമരത്തെ നേരിടാന്‍ രാത്രിയില്‍ തന്നെ ഹോസ്റ്റലുകള്‍ ഒഴിയാന്‍ നല്‍കിയ നോട്ടീസും സമരക്കാരെ ചൊടിപ്പിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →