സംസ്ഥാനത്ത് കുറ്റവാളികളായ അതിഥിതൊഴിലാളികളുടെ എണ്ണം കൂടുന്നു


കൊച്ചി>>കിഴക്കമ്പലത്ത് നടന്ന അതിഥി തൊഴിലാളികളുടെ ആക്രമണം ഒറ്റപ്പെട്ട സംഭവമെന്നാണ് സ്പീക്കറും വിദ്യാഭ്യാസ മന്ത്രിയും ഉള്‍പ്പെടെ പറയുമ്പോളും അതിഥിതൊഴിലാളികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് പറയാതെ വയ്യ.

എന്നാല്‍ പൊലീസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളായ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ കൂടി പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇതരസംസ്ഥാന തൊഴിലാളികള്‍ മാത്രം പ്രതികളായിട്ടുള്ള 3650 ക്രിമിനല്‍ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സര്‍ക്കാര്‍ തന്നെയാണ് ഈ കണക്ക് വെളിപ്പെടുത്തിയത്. 15-ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തില്‍ നജീബ് കാന്തപുരം എം.എല്‍.എയുടെ ചോദ്യത്തിന് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട സിവില്‍ കേസുകളുടെ വിവരങ്ങള്‍ പക്ഷെ സര്‍ക്കാരിന്റെ പക്കല്‍ ലഭ്യമല്ലായെന്ന വിവരമാണ് മറുപടിയിലുള്ളത്.

2016 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളിലെ കേസുകളുടെ എണ്ണമാണ് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ലോക്ഡൗണ്‍ നിലനിന്ന 2020-ല്‍ മാത്രമാണ് കേസുകളുടെ എണ്ണം താരതമ്യേന കുറഞ്ഞ് നിന്നിട്ടുള്ളത്. എന്നാല്‍ ഇതുമാറ്റിവെച്ച്, മറ്റ് നാല് വര്‍ഷങ്ങളുടെ കണക്കുകള്‍ നോക്കിയാല്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2016-ല്‍ 639 കേസുകളാണെങ്കില്‍ 2017 ആയപ്പോള്‍ 744 കേസുകള്‍ എന്നനിലയിലേക്ക് അത് വര്‍ധിച്ചു. 2018ല്‍ 805, 2019-ല്‍ 978, 2020-ല്‍ 484 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ രക്ഷപ്പെടാന്‍ നാടുവിടുന്ന സാഹചര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു. ഇങ്ങനെ നാടുവിടുന്നവരെ കണ്ടെത്തി പിടികൂടുന്നതിന് അതത് സംസ്ഥാനത്തെ പോലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. ഒക്ടോബറിലാണ് 15-ാം നിയമസഭയുടെ മൂന്നാമത് സമ്മേളനം നടന്നത്. ഈ സമയത്ത് ചോദിച്ച ചോദ്യങ്ങളുടെയും അതിന് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

കിഴക്കമ്പലത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ പോലീസിനെ നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിന് പ്രാധാന്യമേറുന്നത്. ഏകദേശം മൂവായിരത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് കിഴക്കമ്ബലത്ത് തിങ്ങിപ്പാര്‍ക്കുന്നത്. ഇവിടെ മദ്യവും മയക്കുമരുന്നും യഥേഷ്ടം ഉപയോഗിക്കുന്നതിനും ഇവര്‍ക്ക് വിലക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിന് പലതവണ ഇരയായിട്ടുണ്ട് എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. എന്നാല്‍, ഇവര്‍ക്കെതിരായ കേസുകളില്‍ പൊലീസ് നിഷ്‌ക്രിയത്വം പാലിക്കുകയായിരുന്നു എന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഒടുവില്‍ പൊലീസുകാരെ ചുട്ടുകൊല്ലാന്‍ ശ്രമിക്കുന്നിടത്തു വരെ കാര്യങ്ങളെത്തിയതോടെയാണ് അതിഥി തൊഴിലാളികള്‍ എന്ന് സംസ്ഥാന സര്‍ക്കാര്‍ അരുമയോടെ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് തയ്യാറാകുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →