ശ്രീനിജന്‍ എംഎല്‍എയും കിറ്റക്‌സ് തൊഴിലാളികളും തമ്മില്‍ തര്‍ക്കം; പൊലീസ് കേസെടുത്തു

കിഴക്കമ്പലം: കുന്നത്തുനാട് എംഎല്‍എ ശ്രീനിജനും കിറ്റക്‌സ് തൊഴിലാളികളും തമ്മില്‍ തര്‍ക്കം. പെരിയാര്‍വാലി കനാല്‍ സന്ദര്‍ശിക്കാന്‍ ശ്രീനിജനും നാട്ടുകാരും എത്തിയപ്പോഴാണ് തൊഴിലാളികളുമായി തര്‍ക്കമുണ്ടായത്. സിപിഎം പ്രവര്‍ത്തകര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് കിറ്റക്‌സ് തൊഴിലാളികള്‍ ചികിത്സ തേടി.

പെരിയാര്‍വാലി കനാലിലെ വെള്ളം നാട്ടുകാര്‍ക്ക് ലഭിക്കാത്തത് പരിശോധിക്കാനാണ് എത്തിയതെന്ന് ശ്രീനിജന്‍ പറഞ്ഞു. കനാലിലെ വെള്ളം കിറ്റക്‌സ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കുന്നുവെന്നും അത് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ വെള്ളം ഉപയോഗിക്കുന്നില്ലെന്നാണ് കിറ്റക്‌സ് കമ്പനി പ്രതികരിച്ചത്.

തൊഴിലാളികള്‍ക്ക് വേണ്ടി കെട്ടിട നിര്‍മ്മാണം നടക്കുന്ന കമ്പനി ഭൂമിയില്‍ എംഎല്‍എയും സിപിഎം പ്രവര്‍ത്തകരും അതിക്രമിച്ചു കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്നാണ് കിറ്റക്‌സിന്റെ ആരോപണം. ഇവരുടെ ദൃശ്യങ്ങളെടുത്ത തൊഴിലാളിയെ മര്‍ദ്ദിച്ചെന്നും ക്യാമറ തല്ലിത്തകര്‍ത്തെന്നും കിറ്റക്‌സ് ആരോപിക്കുന്നു. പരിക്കേറ്റ കിറ്റക്‌സ് തൊഴിലാളികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് കുന്നത്തുനാട് പോലീസ് അന്വേഷണം തുടങ്ങി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →