ചെറിയ കേസില്‍ പെട്ട് നാണക്കേടായെന്ന് കിര്‍മാണിമനോജ് ;അന്വേഷണം കൂടുതല്‍ ഗുണ്ടാ നേതാക്കളിലേക്ക്

-

കല്‍പ്പറ്റ>>വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ കിര്‍മാണി മനോജും സംഘവും കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിയിലായത്.

എന്നാല്‍, ചെറിയ കേസില്‍ പെട്ട് വീണ്ടും അകത്തായതിന്റെ വിഷമത്തിലാണ് കക്ഷി. ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതി ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്നത്. പരോളില്‍ ഇറങ്ങിയ ശേഷം മയക്കു മരുന്നു കേസില്‍ കുടുങ്ങിയതിന്റെ വിഷമത്തിലാണ് കിര്‍മാണി മനോജ്.

റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തി പിടിയിലായതിന് പിന്നാലെ കിര്‍മാണി മനോജ് നടത്തിയ പ്രതികരണത്തില്‍ പൊലീസുകാരും അമ്പരന്നു. ചെറിയ കേസില്‍ പെട്ട് നാണക്കേടായെന്നാണ് മനോജ് പൊലീസ് ഉദ്യോഗസ്ഥരോട് പ്രതികരിക്കുന്നത്. ക്വട്ടേഷന്‍ പരിപാടികള്‍ക്കിടെ പരിചയപ്പെട്ട കമ്ബളക്കാട് മുഹ്സിന്റെ വിവാഹ വാര്‍ഷികാഘോഷത്തില്‍ സൗഹൃദം മുന്‍നിര്‍ത്തിയാണ് എത്തിയതെന്നും എന്നാല്‍ ലഹരിക്കേസ് ആയത് നാണക്കേടായുമാണ് കിര്‍മാണി മനോജിന്റെ പ്രതികരണമെന്നാണ് പൊലീസ് വിശദമാക്കുന്നത്.

വിയ്യൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ഇളവിലാണ് കിര്‍മാണി മനോജ് പുറത്തിറങ്ങിയത്. കഴിഞ്ഞ ഒമ്പതുമാസമായി പുറത്താണ്. സെപ്റ്റംബറില്‍ തിരിച്ചു കയറാന്‍ ഉത്തരവ് ലഭിച്ചെങ്കിലും ഇതിനെതിരെ ചില തടവുകാര്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. അങ്ങനെയാണ് കിര്‍മാണി മനോജിനും പരോള്‍ കാലാവധി നീട്ടിക്കിട്ടിയത്. റിസോര്‍ട്ടില്‍ ക്രിമിനല്‍ സംഘമെത്തുമെന്ന രഹസ്യവിവരം ലഭിച്ചതോടെ പൊലീസ് ആദ്യമേ സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.

കമ്ബളക്കാട് മുഹ്സിന്‍ എന്ന ഗുണ്ടാ നേതാവിന്റെ വിവാഹ വാര്‍ഷിക ആഘോഷമായിരുന്നു വിവിധ ഗുണ്ടാ നേതാക്കളുമായി റിസോര്‍ട്ടില്‍ നടന്നത്. ടി പി വധക്കേസ് വിചാരണക്കാലയളവില്‍ കിര്‍മാണിയുടെ ഫേസ്ബുക്ക് ഉപയോഗം ഏറെ വിവാദമായിരുന്നു. ഇത്തരത്തില്‍ കൊലപാതക കേസികളിലൂടെ കുപ്രസിദ്ധി നേടിയ മനോജിന് ലഹരിക്കേസ് നാണക്കേടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇയാളുടെ പ്രതികരണം.

അതേസമയം വയനാട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടന്ന റിസോര്‍ട്ടിനെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസ്. ഒത്തുകൂടിയത് ഗുണ്ടകളാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് റിസോര്‍ട്ട് നടത്തിപ്പുകാര്‍ പറയുന്നത്. കൊച്ചിയിലെ പ്രധാന ക്വട്ടേഷന്‍ സംഘത്തലവന്‍ അടക്കം പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയതായി സൂചന. റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളും പിടിയിലായവരുടെ ഫോണ്‍ കോളുകളും വിശദമായി പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

അതേസമയം ലഹരിമരുന്ന് പാര്‍ട്ടിയില്‍ 16 പേര്‍ പിടിയിലായ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ഗുണ്ടാ നേതാക്കളിലേക്ക് നീങ്ങുകയാണ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘ തലവന്‍ ലഹരിമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കാനായി വയനാട്ടിലേക്ക് എത്തിയതായി സൂചനയുണ്ട്. റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളും പിടിയിലായ പ്രതികളുടെ ഫോണ്‍ കോള്‍ വിവരങ്ങളും പൊലീസ് വിശദമായി പരിശോധിക്കും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →