വയനാട്ടിലെ ലഹരി മരുന്ന് പാര്‍ട്ടി; അന്വേഷണം ഗുണ്ടാ നേതാക്കളിലേക്ക്;പ്രതികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ പരിശോധിക്കും

വയനാട്>> ലഹരിമരുന്ന് പാര്‍ട്ടിയില്‍ 16 പേര്‍ പിടിയിലായ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ഗുണ്ടാ നേതാക്കളിലേക്ക്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിന്റെ തലവന്‍ ലഹരിമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കാനായി വയനാട്ടിലേക്ക് എത്തിയതായി സൂചനയുണ്ട്. റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളും പിടിയിലായ പ്രതികളുടെ ഫോണ്‍ കോള്‍ വിവരങ്ങളും പോലീസ് വിശദമായി പരിശോധിക്കും.

റിസോര്‍ട്ടിലെത്തിയ ലഹരിമരുന്നിന്റെ ഉറവിടവും കണ്ടെത്തേണ്ടതുണ്ട്. ഗോവയിലെ ഗുണ്ടാ നേതാവ് കമ്പളക്കാട് മുഹ്‌സിന്റെ വിവാഹ വാര്‍ഷികം ആഘോഷിക്കാനാണ് ടി.പി വധകേസ് പ്രതി കിര്‍മാണി മനോജടങ്ങുന്ന സംഘം റിസോര്‍ട്ടില്‍ ഒത്തുകൂടിയത്. പോലീസ് റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ലഹരിമരുന്ന് പാര്‍ട്ടിക്ക് പിന്നില്‍ മറ്റ് അജന്‍ഡകള്‍ ഉണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും.

കേരളത്തില്‍ സമീപകാലത്ത് നടന്ന ഗുണ്ടാ ആക്രമണ പരാതികളില്‍ പിടിയിലായ പ്രതികള്‍ക്ക് പങ്കുണ്ടോയെന്നും കണ്ടെത്തും. ലഹരിമരുന്ന് പാര്‍ട്ടിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ രാത്രികാല പട്രോളിങ്ങ് കര്‍ശനമാക്കാനാണ് ജില്ല പോലീസ് മേധാവിയുടെ നിര്‍ദേശം

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →