
കൊല്ലം>>>കൊല്ലം നിലമേലിലെ വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത് . കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില് സഹോദരനെ വധിക്കുമെന്നാണ് കത്തിലെ ഭീഷണി. വിസ്മയയുടെ കുടുംബം കത്ത് പൊലീസിന് കൈമാറി.
കഴിഞ്ഞ ദിവസമാണ് നിലമേലിലെ വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത് എത്തിയത്. പത്തനംതിട്ടയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ നിന്ന് പിന്മാറണമെന്നും, പിന്മാറിയാല് ആവശ്യപ്പെടുന്ന പണം നല്‍കാമെന്നും കത്തില്‍ പറയുന്നു.
കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില് വിസ്മയയുടെ വിധി തന്നെ സഹോദരന് വിജിത്തിന് ഉണ്ടാകുമെന്നും കത്തില്‍ പരാമര്‍ശമുണ്ട്. കത്ത് വിസ്മയയുടെ അച്ഛന് ത്രിവിക്രമന്‍ നായര്‍ ചടയമംഗലം പൊലീസിന് കൈമാറി. ചടയമംഗലം പൊലീസ് തുടര്‍നടപടികള്‍ക്കായി കത്ത് കോടതിയില്‍ സമര്‍പ്പിച്ചു. ത്രിവിക്രമന്‍ നായരുടെ മൊഴിയും രേഖപ്പെടുത്തി.
കത്തെഴുതിയത് കിരണ്‍കുമാറാകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. കേസിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമണോ എന്നും പൊലീസ് സംശയിക്കുന്നു. കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ഭീഷണി കത്ത് എത്തിയത് എന്നതും ശ്രദ്ധേയമാണ്.
വെള്ളിയാഴ്ചയാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ എന്നാണ് പൊലീസ് കുറ്റപത്രം. 507 പേജുള്ള കുറ്റപത്രമാണ് ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതി കിരണ്‍കുമാര്‍ അറസ്റ്റിലായി 80 ആം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
102 സാക്ഷികളും, 92 റെക്കോര്‍ഡുകളും, 56 തൊണ്ടിമുതലുകളും ഉള്‍പ്പെടുന്നതാണ് പൊലീസ് കുറ്റപത്രം. 507 പേജുള്ള കുറ്റപത്രത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ 2419 പേജാകും. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ ആണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി കൊല്ലം റൂറല്‍ എസ് പി കെ.ബി രവി പറഞ്ഞു. സമര്‍പ്പിക്കപ്പെടുന്നത് കുറ്റമറ്റ ചാര്‍ജ് ഷീറ്റ് എന്നും റൂറല്‍ എസ്പി വിശ്വാസം പ്രകടിപ്പിച്ചു.
ഡിജിറ്റല്‍ തെളിവുകളാണ് കേസില്‍ പ്രധാനമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പി പി. രാജ് കുമാര്‍ പറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍ നന്നായി തിരിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നും ഡി.വൈ.എസ്.പി വ്യക്തമാക്കി.
സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് പ്രതി കിരണ്‍കുമാറിനെതിരെ കുറ്റപത്രത്തിലുള്ളത്.
ജൂണ്‍ 21നാണ് ഭര്‍തൃ വീട്ടില്‍ വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാര്‍ മര്‍ദിച്ചിരുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നു. കിരണിനെതിരെ വിസ്മയയുടെ ബന്ധുക്കളും രംഗത്തെത്തിയതോടെ പൊലീസ് നടപടി കടുപ്പിച്ചു. സ്ത്രീപീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം.
കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

Follow us on