കേരളത്തില്‍ നാളെ മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍

രാജി ഇ ആർ -

കോഴിക്കോട്>>> കേരളത്തിന്റെ കിഴക്കന്‍ മേഖലയില്‍ മഴ തുടരുമെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ മാത്രമേയുണ്ടാവുകയുള്ളൂവെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. നാളെ മുതല്‍ മഴ കുറഞ്ഞു തുടങ്ങും. ഇന്ന് രാത്രിക്ക് ശേഷം മഴയുടെ ശക്തി കിഴക്കന്‍ മേഖലയില്‍ കുറയും. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്നും നാളെയും മഴ ഇടവേളകളോടെ ഇടനാട്ടിലും തീരദേശത്തും ലഭിക്കും. പരക്കെ തുടര്‍ച്ചയായ മഴ ഉണ്ടാകില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ കിഴക്കന്‍ മലയോരത്ത് ലഭിച്ച അതിശക്തമായ മഴയുടെ രൂക്ഷത രാത്രിയോടെ കുറയുന്നതിനാല്‍ പുഴകളിലും മറ്റും വെള്ളംകയറിയുള്ള അപകട സാധ്യത കുറയും. പെയ്യുന്ന മഴ വെള്ളം ഒഴുകിപോകാന്‍ സാവകാശം ലഭിക്കും വിധമാണ് ഇനിയുള്ള മഴയുടെ രീതി. ശക്തമായ മഴ ഏതാനും മിനുട്ടുകള്‍ നീണ്ടു നിന്ന ശേഷം ദീര്‍ഘമായ ഇടവേള ലഭിക്കും. അതിനാല്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യം ഇല്ലാതാകും. തീരദേശത്തും ഇടനാട്ടിലും ഇടവേളകളോടെ പെയ്യുന്ന മഴയും നിലവില്‍ ഭീഷണിയാകില്ല.

അടുത്ത 24 മണിക്കൂര്‍കാസര്‍കോട്, വയനാട്,കണ്ണൂര്‍, കോഴിക്കോട് ജില്ലകളുടെ സംഗമ മേഖല, കോഴിക്കോട് കിഴക്കന്‍ മേഖല, മലപ്പുറം കിഴക്കന്‍ മേഖല, വയനാടിന്റെ വടക്കുപടിഞ്ഞാറ്, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. മറ്റു പ്രദേശങ്ങളില്‍ ഇടത്തരം മഴ സാധ്യത. തിങ്കളാഴ്ചയും ഒറ്റപ്പെട്ട മഴയായിരിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം 22ന് രൂപപ്പെട്ടെങ്കിലും ദുര്‍ബലമായി.

ഗുജറാത്ത് മുതല്‍ മുംബൈ വരെയുള്ള പടിഞ്ഞാറന്‍ തീരത്തും കേരളം ഉള്‍പ്പെടെ പടിഞ്ഞാറന്‍ തീരം പൂര്‍ണമായും കാലവര്‍ഷക്കാറ്റ് സജീവമാമായിരുന്നെങ്കിലും ഇപ്പോഴും കുറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ശക്തമായ മഴക്ക് ഉടന്നെ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അനുമാനം.

അന്തരീക്ഷസ്ഥിതി അവലോകനം പാകിസ്താനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദം വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ ഗുജറാത്തിലും രാജസ്ഥാനിലും മഴ ശക്തിപ്പെട്ടിരുന്നു. ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും മഴ സജീവമായി നില നില്‍ക്കാന്‍ ഈ ന്യൂനമര്‍ദം സഹായിക്കും.

കാലവര്‍ഷക്കാറ്റ് നിലവില്‍ കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ മേഖലയില്‍ സജീവമല്ലെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാഹചര്യങ്ങള്‍ ഉരുത്തിരിയുന്നത് കാറ്റിന്റെ ഗതിയില്‍ മാറ്റം ഉണ്ടാക്കും. മഹാരാഷ്ട്ര മുതല്‍ കര്‍ണാടക വരെ തുടരുന്ന തീരദേശ ന്യൂനമര്‍ദപാത്തിയുടെ സ്വാധീനത്താല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും ഒറ്റപ്പെട്ട ഇടവേളകളോടെയുള്ള മഴ തുടരും.

മണ്‍സൂണ്‍ സീസണിലെ മൂന്നാമത്തെയും ജൂലൈയിലെ രണ്ടാമത്തെയും ന്യൂനമര്‍ദം കേരളത്തെ കാര്യമായി ബാധിച്ചില്ല. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റിന്റെ ദിശയിലും വേഗതയിലും മാറ്റങ്ങള്‍ ദൃശ്യമാണ്. ആദ്യ മണ്‍സൂണ്‍ ന്യൂനമര്‍ദത്തെപ്പോലെ മധ്യ, വടക്കന്‍ ഇന്ത്യയില്‍ മഴ ശക്തിപ്പെടുത്താന്‍ ന്യൂനമര്‍ദം സഹായിക്കും.

തമിഴ്‌നാട്ടില്‍ മാത്രമാകും ദക്ഷിണേന്ത്യയില്‍ മഴ കുറയുക. കേരളത്തില്‍ അതിശക്തമായ മഴ ചിലയിടങ്ങളില്‍ പ്രതീക്ഷിക്കാം. ഏതെല്ലാം ജില്ലകളില്‍ എത്രയളവില്‍ മഴ എന്ന കാര്യത്തില്‍ വരും ദിവസങ്ങളിലെ അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്താനാകും.