കേരള പൊലീസിന്റെ വാടക ഹെലികോപ്റ്ററിനുള്ള സാമ്പത്തിക ടെണ്ടര്‍ ചൊവ്വാഴ്ച തുറക്കും

-

തിരുവനന്തപുരം>> കേരള പൊലീസിനായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള നടപടി ക്രമങ്ങള്‍ തുടരുന്നു. ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള സാമ്പത്തിക ടെണ്ടര്‍ ചൊവ്വാഴ്ച തുറക്കും. മൂന്ന് കമ്പനികളാണ് ടെണ്ടറില്‍ പങ്കെടുക്കാനുള്ള സാങ്കേതിക യോഗ്യത നേടിയത്. മൂന്ന് വര്‍ഷത്തേക്കാവും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുക. സാങ്കേതിക ടെണ്ടറില്‍ യോഗ്യത നേടിയ കമ്പനികളുടെ സാമ്പത്തിക ബിഡാണ് തുറക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കിടെ പവന്‍ഹാന്‍സ് കമ്പനിയുടെ പത്ത് സീറ്റുള്ള ഹെലികോപ്റ്റര്‍ 1.44 കോടി മാസ വാടകയ്ക്ക് എടുത്തത് നേരത്തെ വലിയ വിവാദമായിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും നടുവില്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍ ചെയ്തത്.

വിമര്‍ശനങ്ങള്‍ തുടര്‍ന്നെങ്കിലും പവര്‍ഹാന്‍സുമായുള്ള കരാര്‍ ഏപ്രിലില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി. ഇതോടെയാണ് പുതിയ വാടക കരാറിന് സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. പത്ത് സീറ്റിന് പകരം ആറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്റ്ററാണ് അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് വാടകയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

2018-ലെ പ്രളയത്തിന് പിന്നാലെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാവും എന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാമെന്ന് പൊലീസ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ ചെയ്തത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →