വീട്ടില്‍ നിര്‍ത്തിയിട്ട കാറില്‍ ഹെല്‍മെറ്റ് ധരിക്കാത്തയാള്‍ക്ക് പിഴ ചുമത്തി പോലീസ്

രാജി ഇ ആർ -

തിരുവനന്തപുരം >>>ദിവസങ്ങളായി മലപ്പുറത്ത് വീടിന്റെ പരിസരത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിന്റെ പേരില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ പിഴ ചുമത്തിയതിന്റെ അമ്പരപ്പില്‍ കാറുടമ. തിരുവനന്തപുരം റൂറല്‍ പൊലീസാണ് പിഴ ചുമത്തിയിരിക്കുന്നത്.

റമനിഷ് പൊറ്റശ്ശേരി എന്നയാളുടെ പേരിലെ നെടുമങ്ങാട് റെജിസ്‌ട്രേഷന്‍ കാറിനാണ് പിഴ. പഴയ ശ20 കാറില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയടക്കാന്‍ മൊബൈല്‍ ഫോണില്‍ സന്ദേശം എത്തുകയായിരുന്നു. കാവനൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഇദ്ദേഹം താമസിക്കുന്നത്. പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ബൈക്കിലാണ് കൂടുതലും സഞ്ചരിക്കുന്നത്.


ഫോണിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്യുന്നതിനിടെയാണ് ട്രാഫിക് ലംഘനത്തിന് വന്ന സന്ദേശം കാണാന്‍ ഇടയായത്. മുറ്റത്തെ കാറിന് ഫൈന്‍ ലഭിച്ച വിഷയം പരാതിപ്പെടാന്‍ ഒരുങ്ങുകയാണ് ഉടമ. ലോക്ക്ഡൗണ്‍ നാളുകളില്‍ വാഹനയാത്രക്കാര്‍ക്കു പലവിധത്തില്‍ പിഴ അടയ്ക്കേണ്ടി വരുന്ന വിഷയം വാര്‍ത്തയാവുന്ന സാഹചര്യങ്ങള്‍ ഒട്ടേറെ ഉണ്ടായിട്ടുണ്ട്.