Type to search

തെരുവ് നായയുടെ സല്യൂട്ട്: പൊലീസിന്റെ അടിക്കുറിപ്പ് മത്സരം വൈറല്‍

Kerala


ആലുവ >>>ജീപ്പിലിരിക്കുന്ന പൊലീസ് ഡ്രൈവര്‍ക്ക് നടുറോഡില്‍ നിന്നും തെരുവ് നായ സല്യൂട്ട് അടിക്കുന്ന ചിത്രവുമായി കേരള പൊലീസിന്റെ അടിക്കുറിപ്പ് മത്സരം വൈറലായി. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ് ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്ത് 15 മണിക്കൂറിനകം 64,000 പേര്‍ ലൈക്ക് അടിച്ചപ്പോള്‍ 28,000 പേര്‍ അടിക്കുറിപ്പെഴുതി മത്സരത്തില്‍ പങ്കാളികളായി. 1800 പേര്‍ ചിത്രം ഷെയര്‍ ചെയ്യുകയും ചെയ്തു.

ആലുവ – പറവൂര്‍ റോഡില്‍ യു.സി കോളേജിന് സമീപത്ത് നിന്നും ആലുവ സ്റ്റേഷനിലെ പൊലീസുകാരന്‍ വി.ജി. ദീപേഷ് പകര്‍ത്തിയ ചിത്രമാണ് വൈറലായത്. റോഡിന് നടുവില്‍ തെരുവ് നായയെ കണ്ട് പൊലീസ് ജീപ്പ് നിര്‍ത്തിയപ്പോഴാണ് നായ രണ്ട് കാലില്‍ നിന്ന് പൊലീസ് ഡ്രൈവറെ സല്യൂട്ട് ചെയ്തത്.

ഈ സമയം ജീപ്പിലുണ്ടായിരുന്ന ദീപേഷ് പുറത്തിറങ്ങി കൗതുകത്തിന് മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി. ചിത്രം പൊലീസിന്റെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തപ്പോള്‍ കൂടുതല്‍ സഹപ്രവര്‍ത്തകര്‍ അറിഞ്ഞു. ഇതോടെ ഇന്നലെ വൈകുന്നേരം സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ ‘ഈ ചിത്രത്തിന് രസകരമായ അടിക്കുറിപ്പ് തയ്യാറാക്കൂ, സമ്മാനം നേടൂ’ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

രസകരമായ തലക്കെട്ടുകളാണ് കമന്റുകളായി എത്തിയിട്ടുള്ളത്. ഇതില്‍ നിന്നും സമ്മാനാര്‍ഹരെ തിരഞ്ഞെടുക്കണമെങ്കില്‍ പൊലീസിന് പ്രത്യേക ഏജന്‍സിയെ തന്നെ നിയോഗിക്കേണ്ടി വരും. 12,000 ലൈക്ക് കിട്ടിയ അടിക്കുറിപ്പുകളും ഇക്കൂട്ടത്തിലുണ്ട്.

‘സാറേ… നാടനാണ് പക്ഷേ നല്ല ട്രെയിനിങ് തന്നാല്‍ ഞാന്‍ പൊളിക്കും, ആ ജര്‍മ്മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ… കഞ്ചാവിന്റെ മണം ഞാന്‍ പെട്ടെന്ന് പിടിച്ചെടുക്കും.. എന്നെ പൊലീസിലെടുക്കു പ്ലീസ്…. സുരേഷ് പിള്ളയെഴുതിയ ഈ അടിക്കുറിപ്പിനാണ് 12 കെ ലൈക്ക് ലഭിച്ചത്.

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന അടിക്കുറിപ്പുകളും ഇക്കൂട്ടത്തിലുണ്ട്. അജിത്ത് കുമാര്‍ കാസര്‍കോട് രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. ‘എന്റെ പൊന്നു സാറെ ക്ഷമിക്കണേ… ഇനി ഞാന്‍ ആവര്‍ത്തിക്കില്ല….. മഴയത്ത് മാസ്‌ക് നനഞ്ഞപ്പോള്‍ ഊരി മാറ്റിയതാണ് സാറേ… സാറേ’.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.