തിരുവനന്തപുരം >>> ലോക്ഡൗണ്‍ കാലം മുതല്‍ ഫൈനടിയിലൂടെ ഏറെ കുപ്രസിദ്ധി നേടിയ കേരള പൊലീസിന്റെ മറ്റൊരു കൈപ്പിഴയും വൈറലായി. കാറില്‍ സഞ്ചരിച്ചപ്പോള്‍ പിന്നിലിരുന്നയാള്‍ ഹെല്‍മറ്റ് വച്ചിരുന്നില്ല എന്ന കാരണം കാട്ടിയാണ് കാറുടമയ്ക്ക് ഫൈന്‍ അടിച്ചത്. തിരുവനന്തപുരം വെമ്ബായം സ്വദേശി രജനീകാന്തിനാണ് അഞ്ഞൂറ് രൂപ ഫൈന്‍ അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചത്. ഹെല്‍മറ്റില്ലാത്തയാളെ പിന്‍സീറ്റിലിരുത്തി കാര്‍ ഓടിച്ചെന്ന സന്ദേശം കണ്ട്രോള് റൂമില്‍ ലഭിച്ചു എന്നാണ് നോട്ടീസിലുള്ളത്. തിരുവനന്തപുരം ശ്രീകാര്യം ചെക്കാലമൂട് എന്ന സ്ഥലത്ത് വച്ചാണ് നിയമലംഘനം നടത്തിയതെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. നോട്ടീസില്‍ പറയുന്ന ദിവസം ഇതേ സമയം രജനീകാന്തിന്റെ കാര്‍ ഇതുവഴി കടന്നുപോയിട്ടുണ്ടെന്നത് ഉടമയും അംഗീകരിക്കുന്നുണ്ട്.
കാറില്‍ ഹെല്‍മറ്റ് വച്ചില്ലെന്ന കാരണത്താല്‍ ഫൈനടിച്ചതിനെ കുറിച്ച് കണ്ട്രോള് റൂമില്‍ വിളിച്ച് പരാതി നല്കിയപ്പോള് ഡിജിറ്റല്‍ നമ്പര്‍ മാറിപ്പോയതാണെന്ന മറുപടിയാണ് ലഭിച്ചത്. പിഴ നല്‍കേണ്ടെന്നും ലഭിച്ച നോട്ടീസ് കീറികളയുവാനുമാണ് പൊലീസ് നല്കിയ ഉപദേശം. ഈ നോട്ടീസ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.
Follow us on