LOADING

Type to search

കേരള പോലീസ് വിമര്‍ശിക്കേണ്ടവരാണോ???

Latest News Local News News

തിരുവനന്തപുരം>>>സംസ്ഥാനത്ത് സമീപ കാലത്തായി പോലീസ് രൂക്ഷമായ വിമര്‍ശനങ്ങളിലൂടെയാണ് കടന്നുപോകുന്നത്.ഈ വിമര്‍ശനങ്ങളെ യാഥാര്‍ത്ഥ്യ ബോധത്തോടെ കാണണം. വസ്തുതാപരമായ വിമര്‍ശനങ്ങളെ ആത്മാര്‍ത്ഥതയോടെ ഉള്‍ക്കൊണ്ട് തിരുത്തലുകള്‍ക്ക് ജനങ്ങള്‍ തയ്യാറാകണം. സമീപകാല വിമര്‍ശനങ്ങളില്‍ പോലീസിന് വീഴ്ച പറ്റിയ ആരോപണം പിങ്ക് പോലീസിനെതിരെ വന്നത് മാത്രമാണ്. പക്ഷേ പറഞ്ഞു വരുമ്പോള്‍ എന്ത് ആരോപണം വന്നാലും കേരള പൊലീസിന് എതിരാണ്.

മന: പൂര്‍വ്വം പൊലീസിനെ ഇരയാക്കുന്നത് പോലയാണ് ഒരോ കേസും പൊലീസിനെതിരെ വരുന്നത്്. മകള്‍ക്കും, അച്ഛന്‍ ജയചന്ദ്രനും ഉണ്ടായ മാനസിക ബുദ്ധിമുട്ടില്‍ ആത്മാര്‍ത്ഥമായ ഖേദമാണെന്ന് ഉന്നത അധികാരികള്‍ വ്്യക്തമാക്കിയിട്ടുണ്ട്. ജനനങ്ങളോട് പക്വതയോടെ പെരുമാറണമെന്ന് സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥന്മാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഉന്നത അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്

നമ്മുടേത് ജനാധിപത്യ സമൂഹമാണ്. അധിനിവേശ കാലത്തേയോ, രാജാധികാര കാലത്തേയോ പോലീസിനെ പോലെ പെരുമാറേണ്ടവരല്ല പോലീസ് ഉദ്യോഗസ്ഥര്‍. ജനങ്ങളെ യജമാനന്മാരായി കാണുക തന്നെ വേണം. പൊതു സമൂഹത്തെ ‘എടീ എന്നോ എടാ എന്നോ വിളിക്കരുത്’ എന്ന കേരള ഹൈക്കോടതിയുടെ ഇന്നലത്തെ പരാമര്‍ശവും ഇവിടെ ശ്രദ്ധേയമാണ്. ഇത് നാം എന്നേ സ്വയം പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണ്. ഏറെ ഗൗരവമായക്കണ്ട് ഉള്‍ക്കൊള്ളേണ്ട പരാമര്‍ശമാണിത്.

നമ്മുടെ പ്രവര്‍ത്തനരീതി കൊണ്ട് പൊതുസമൂഹം കേരളപോലീസിനെ നെഞ്ചിലേറ്റണം. അതുപോലെ തന്നെ കുറ്റവാളികള്‍ക്ക് പോലീസ് പ്രവര്‍ത്തനങ്ങളില്‍ ഭയമുണ്ടാകുകയും വേണം. ഭയം ഉണ്ടെങ്കില്‍ മാത്രമേ തെറ്റ് ചെയ്യാതെ ഇരിക്കൂ.ഭയമെന്നാല്‍ അവരെ ഉപദ്രവിക്കും എന്ന ഭയമാകരുത്. അവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ എത്തിക്കും എന്ന ഭയമാകണം. പോലീസ് പബ്ലിക് സര്‍വന്റ് ആണ്. പബ്ലിക് സര്‍വീസിനായി, കേരള പബ്ലിക് സര്‍വീസ് കമ്മിഷനാണ് സംസ്ഥാന പോലീസിനെ നിയമിക്കുന്നത്. ഈ ചിന്തയില്‍ നിന്ന് വ്യതിചലിക്കാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുമാണ്.

വര്‍ത്തമാന കാലത്ത് നിരവധി അക്ഷേപങ്ങള്‍ പോലീസിനെതിരെ ഉയര്‍ന്നുവന്നു. ഇങ്ങനെ പോലീസിനെതിരെ ഉയര്‍ന്ന ബഹുഭൂരിപക്ഷം ആക്ഷേപങ്ങളും അടിസ്ഥാനരഹിതമായിരുന്നു എന്ന് പറയേണ്ടി വരുന്നു. ആരോപണ വിഷയങ്ങള്‍ ഒന്നൊന്നായി പരിശോധിച്ചാല്‍ അത് കാണാന്‍ കഴിയും.

എന്നാല്‍ സ്ത്രീ സുരക്ഷയ്ക്ക് മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ശ്രദ്ധയും കരുതലും സമീപ വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. പ്രത്യകിച്ച് സോഷ്യല്‍മീഡിയ വഴിയാണ് പൊലീസിനെതിരെ കരുതി കൂട്ടി ആക്രമണം നടത്തുന്നത്.അവ മറച്ചുവച്ച് സാമൂഹിക പ്രശ്‌നങ്ങളെ പോലീസിന്റെ വീഴ്ചയായി ചിത്രീകരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു. ഗാര്‍ഹികവും സാമൂഹികവുമായ പ്രശ്‌നങ്ങളുടെ ഭാഗമായി ചില സ്ത്രീകളും പെണ്‍മക്കളും ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടായതും പോലീസിന്റെ വീഴ്ചയായി ചിത്രീകരിക്കപ്പെടുന്നു.
ഇത്തരം കുടുംബ പ്രശ്‌നങ്ങളുടെ ഭാഗമായി കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലേക്ക് പ്രതിദിനം വരുന്ന പരാതികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ഇങ്ങനെ വരുന്ന പരാതികളില്‍ കുടുംബ പ്രശ്‌നങ്ങള്‍ കൗണ്‍സിലിംഗിലൂടെ പരിഹരിച്ച് രമ്യതയിലെത്തിക്കാനാണ് സംസ്ഥാനത്ത് പോലീസ് ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രവര്‍ത്തനത്തിലൂടെ 99% പരാതികളും കേസിലേക്ക് എത്താതെ പരിഹരിക്കപ്പെട്ട് ആ കുടുംബങ്ങളെല്ലാം നന്നായി ജീവിച്ചു വരുന്നു.
ഈ സമീപനം മാറ്റി എല്ലാ പരാതികളിലും കേസെടുക്കുന്നതിന് പോലീസിന് യാതൊരു തടസ്സവും ഇല്ല.


ആ രീതിയിലേക്ക് പോലീസ് മാറിയാല്‍ തകരുന്ന കുടുംബ ബന്ധങ്ങളുടെ എണ്ണം അതിഭീകരമായിരിക്കും എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. മാറിയ കാലത്തിന്റെ ഇത്തരം സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ സ്ത്രീ സംരക്ഷകരായ വനിത നേതാക്കള്‍ക്ക് പോലും കഴിയാത്തതെന്ത് എന്ന് മനസിലാകുന്നില്ല. പൊലീസ് കുപ്പായം അണിയുന്നത്് തന്നെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണത്തിനും വേണ്ടിയാണ്. പക്ഷേ വാര്‍ത്തകള്‍ പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകള്‍ മാത്രമാണ്.പൊലീസ് ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഒരിക്കലും മാധ്യമങ്ങളില്‍ വാര്‍ത്തകയാറാ പതിവില്ലാത്തതാണ്. ഇതെല്ലാം മാറി വരണമെങ്കില്‍ ജനള്‍ക്ക് പൊലീസിനോടുള്ള മനോഭാവം മാറണം.

അതുപോലെ തന്നെ തിരുവനന്തപുരം ജില്ലയിലെ കരമനയില്‍ മത്സ്യ വില്‍പന നടത്തിവന്നവരുടെ മത്സ്യം പോലീസ് തട്ടിത്തെറിപ്പിച്ചു എന്ന് വാര്‍ത്ത വന്നു. അതിലും പോലീസിനെതിരായ വലിയ വികാരമാണ് ഉയര്‍ത്തിവിട്ടത്. പോലീസ് വാഹനത്തില്‍ നിന്ന് പുറത്തുപോലും ഇറങ്ങാതെ റോഡ് സൈഡിലെ കച്ചവടം വഴിയാത്രക്കാരായ ജനങ്ങള്‍ക്ക് ശല്യമാകാതെ ഒരു വശത്തേക്ക് മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശിക്കുക മാത്രമാണ് പോലീസ് ചെയ്തത്. അതിന് ശേഷം മത്സ്യം സ്വയം വലിച്ചെറിഞ്ഞ്, പോലീസ് വലിച്ചെറിഞ്ഞു എന്ന് പ്രചരിപ്പിക്കുകയായിരുന്നു. ദൃസാക്ഷികള്‍ ഉള്ള ഈ വസ്തുത മനസിലാക്കിയിട്ടും അത് ജനങ്ങളിലേക്ക് എത്തിച്ചിട്ടില്ലെന്നാണ് സത്യം. മാധ്യമങ്ങള്‍ പൊലീസിനെതിരെയുള്ള വാര്‍ത്തകള്‍ മാത്രമാണ് വാര്‍ത്തയാക്കുന്നത്.

സമാനമായ സംഭവമാണ് ആറ്റിങ്ങലിലും സംഭവിച്ചത്. മത്സ്യ കച്ചവടക്കാരുടെ അടുത്ത് പോയത് പോലീസ് പോലും അല്ല. ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലെ ജീവനക്കാര്‍ ആയിരുന്നു. അതും പോലീസ് ആണെന്ന് പ്രചരിപ്പിച്ചു. ഒരു ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ഏറെ ബഹുമാന്യനായ കാരശ്ശേരി മാഷ് പോലും പോലീസ് ആണ് ഇത് ചെയ്തത് എന്ന് പറഞ്ഞത് ഏറെ വേദനിപ്പിച്ചു.

ഈ കാലഘട്ടത്തിന്റെ പ്രത്യേകത വിമര്‍ശകര്‍ തിരിച്ചറിയണം. നാടിതുവരെ കാണാത്ത ഒരു മഹാവ്യാധിയുടെ കാലത്ത് ആരോഗ്യ രംഗത്ത് ഒരു പരിജ്ഞാനവും ഇല്ലാത്ത പോലീസ് സമൂഹം അനുഭവിച്ച് വരുന്നതെന്ത് എന്ന് പോലും ചിന്തിക്കാത്തതില്‍ ഞങ്ങള്‍ക്ക് പരിഭവം ഇല്ല. ആശുപത്രികള്‍ കഴിഞ്ഞാല്‍ ഈ കാലഘട്ടത്തില്‍ ഒരു ദിവസം പോലും അടച്ചിടാത്ത ഏക വിഭാഗം പോലീസ് സ്റ്റേഷനുകളാണ് എന്ന് അറിയുക. ഇതര സര്‍ക്കാര്‍ ജീവനക്കാര്‍ ആകെ വീട്ടില്‍ തന്നെയോ, വര്‍ക്ക്@ഹോംആയിരുന്നപ്പോള്‍ കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ നോട്ട്@ഹോം ആയിരുന്നു. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാരില്‍ പകുതിയിലേറെ ആളുകള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കോവിഡ് ബാധിതരായി എന്ന് അറിയണം. ഇവരില്‍ 11 പേര്‍ മരണപ്പെടുന്ന സാഹചര്യം ഉണ്ടായി. ഇപ്പോഴും ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ ഐസിയുവില്‍ വരെയായിരുന്നു. ജനങ്ങളോടും സമൂഹത്തോടുമുള്ള പ്രതിബന്ധതയില്‍ തനിക്ക് ബാധിച്ചിരിക്കുന്നരോഗങ്ങള്‍ മറന്നു പോലും ഡ്യൂട്ടി ചെയ്യുന്നവരാണ് പൊലീസുകാര്‍.
ഇങ്ങനെ സാമൂഹിക പ്രതിബദ്ധതയോടെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെ ആകെ ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അധിക്ഷേപിക്കരുത്. ഇങ്ങനെ ചില അനാവശ്യ അധിക്ഷേപങ്ങളും തെറ്റായ പ്രചരണങ്ങളും വ്യക്തിഹത്യയും മാനസിക കരുത്തില്ലാത്ത ചിലരുടെ അഥവാ മാനസികമായി തകര്‍ന്നു പോയ ചിലരുടെ ആത്മഹത്യയിലേക്ക് പോലും എത്തിച്ചിട്ടുണ്ട്. ചില പോലീസ് ഉദ്യോഗസ്ഥന്മാര്‍ കരുത്തോടെ പിടിച്ചു നിന്നിട്ടുമുണ്ട്.

രണ്ട് ഉദാഹരണങ്ങള്‍ മാത്രം സൂചിപ്പിക്കാം.
നെയ്യാറ്റിന്‍കര ഡി വൈ എസ് പി ആയിരുന്ന ഹരികുമാറിന്റെ ആത്മഹത്യ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്. ഒരു ആക്‌സിഡന്റ് കേസിനെ
മാധ്യമ- നവ മാധ്യമ വേട്ടയുടേയും വിചാരണയുടേയും ഭാഗമായി ഹരികുമാറിനെതിരെ കൊലപാതകത്തിന് കേസെടുക്കുന്ന സാഹചര്യം ഉണ്ടായി. ഈ വേട്ടയ്‌ക്കൊടുവില്‍ ഒരു പോലീസ് ഓഫീസറുടെ മനോബലം തകര്‍ന്ന ഹരികുമാര്‍ വെറുമൊരു സാധാരണ മനുഷ്യന്റെ മനോനിലയിലേക്കെത്തി ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടായി. അദ്ദേഹത്തിന്റെ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും മാത്രം അദ്ദേഹത്തെ നഷ്ടമായി. അന്ന് തന്നെ ആ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമായി. അവസാനം കൃത്യമായ തെളിവുകളുടേയും സാക്ഷികളുടേയും അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഇത് ഒരു ആക്‌സിഡന്റ് കേസായി മാത്രം കണ്ടെത്തി ചാര്‍ജ്ജ് നല്‍കി.

അതുപോലെ തന്നെ 2018 ല്‍ സോഷ്യല്‍ മീഡിയ ഉയര്‍ത്തിക്കൊണ്ടു വന്ന് സമരരംഗത്ത് വന്നതും വലിയ മാധ്യമചര്‍ച്ചയിലേക്ക് ഉയര്‍ന്നതുമായ വിഷയമാണ് പാറശാലയിലെ ശ്രീജീവിന്റെ മരണം. 2014 ല്‍ ഉണ്ടായ ഈ മരണത്തെ വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ലാണ് വിവാദത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത്. അഞ്ചോളം പോലീസ് ഉദ്യോഗസ്ഥന്മാരെ കൊലപാതകികളാക്കി ചിത്രീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് കൈമാറി. വിശദമായ അന്വേഷണത്തിന് ശേഷം ശ്രീജീവിന്റെ മരണം ആത്മഹത്യ ആയിരുന്നു എന്ന് സിബിഐയും കണ്ടെത്തി. സമാനമായ ഒട്ടേറെ സംഭവങ്ങള്‍ ഇനിയും രേഖപ്പെടുത്താനുണ്ട്. മാധ്യമങ്ങില്‍ പോലും വരാത്ത വാര്‍ത്തയായി ഒതുങ്ങുകയായിരുന്നു.

ക്രമസമാധാന പരിപാലനവും, കുറ്റാന്വേഷണവും നടത്തേണ്ട വിഭാഗമാണ് പോലീസ്. ഇന്ന് കോവിഡ് മഹാമാരിയുടെ കാലത്ത് പബ്ലിക് ഓര്‍ഡര്‍ ജോലിയും പോലീസ് നിറവേറ്റേണ്ടിവരുന്നു.
ഇങ്ങനെ പ്രവര്‍ത്തിക്കേണ്ടി വരുന്ന പോലീസ് സംവിധാനത്തിനെതിരെ ഉണ്ടാകുന്ന മറുപക്ഷ വികാരം സ്വാഭാവികമാണ്. ഈ വികാരത്തെ മുതലെടുത്ത് തെറ്റായ പ്രചരണങ്ങള്‍ നടത്തി സമൂഹനന്മയ്ക്കായി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന പോലീസ് സേനയെ ആകെ ജനമനസുകളില്‍ ശതുക്കളാക്കുന്ന പ്രവണത ഉചിതമാണോ എന്ന പരിശോധന നടത്തണം ഒരോ മനുഷ്യനും.24 മണിക്കൂറും ഡ്യൂട്ടി ചെയ്യുന്ന വിഭാഗം തന്നെയാണ് പൊലീസും. എത്ര നന്മകള്‍ ചെയ്താലും പൊലീസിനെ സോഷ്യല്‍ മീഡിയ ക്രൂശിക്കുകയാണ് ചെയ്യുന്നത് .അവര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കുവാണെങ്കില്‍ ഏറ്റവും കഴിവുള്ള വിഭാഗക്കാരായി മാറ്റി നിര്‍ത്തപ്പെടെണ്ടവരാണ് പൊലീസ്.

ഉയര്‍ന്നു വരുന്ന ആക്ഷേപങ്ങളിലെ വസ്തുത കൂടി പരിശോധിച്ച ശേഷമാകണം പ്രചാരകരാകേണ്ടത് .വസ്തുതകള്‍ അറിയാതെ മാധ്യമ-നവമാദ്ധ്യമങ്ങളിലൂടെ മാത്രം കാര്യങ്ങള്‍ അറിയുന്ന പൊതുസമൂഹം ഉയരുന്ന ആരോപണങ്ങള്‍ എല്ലാം വസ്തുതയാണെന്ന് തെറ്റിധരിക്കപ്പെടുകയാണ്. െ

നിയമ പരിപാലനം നടത്തേണ്ട വിഭാഗം എന്ന നിലയില്‍ ഒരു വീഴ്ചയും ഇല്ലാതെ പ്രവര്‍ത്തിക്കേണ്ട വിഭാഗമാണ് പോലീസ്. എന്തെങ്കിലും വീഴ്ചകള്‍ ഉണ്ടായാല്‍ ചൂണ്ടിക്കാണിക്കുക തന്നെ വേണം. വസ്തുതാപരമായ വിമര്‍ശനങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനും, വിമര്‍ശനങ്ങള്‍ ഉണ്ടാകാന്‍ അവസരം സൃഷ്ടിക്കാതെ പക്വതയോടെ പൂര്‍ണ്ണമായും നിയമപരമായി മാത്രം മുന്നോട്ട് പോകാനുമുള്ള ജാഗ്രത മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാവണം.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.