കേരള പൊലീസിലെ സുപ്രധാന തസ്തികകളില്‍ ആളില്ല

-

തിരുവനന്തപുരം>>സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം പതിവാകുമ്പോഴും കേരള പൊലീസിലെ സുപ്രധാന തസ്തികകള്‍ ഒഴിച്ചിട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ്.

പോലീസിന്റെ ഇന്റലിജിന്‍സ് വിഭാഗത്തില്‍ എഡിജിപിയായ വിനോദ് കുമാര്‍ കഴിഞ്ഞാല്‍ പിന്നെയുള്ളത് എസ്പിമാര്‍ മാത്രമാണ്. ഇന്റലിജിന്‍സ് വിഭാഗത്തില്‍ ഐ ജി, ഡിഐജി സ്ഥാനങ്ങളില്‍ ആളില്ലാതായിട്ട് മാസങ്ങളായി. ഗുണ്ടാവിളയാട്ടം മുന്‍കൂട്ടി കണ്ട് തടയേണ്ടത് ഇന്റലിജന്‍സ് വിഭാഗമാണെന്നത് നിലനില്‍ക്കെയാണ് ആഭ്യന്തര വകുപ്പിലെ ഈ അനാസ്ഥ.

തലസ്ഥാനത്തും ആലപ്പുഴയിലും ഉള്‍പ്പെടെ സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടങ്ങളും കൊലപാതകങ്ങളും പതിവ് സംഭവമാകുമ്പോഴാണ് പോലീസിന്റെ ഉന്നത തസ്തികകളില്‍ നിയമനം നടത്താത്തത്. അതോടൊപ്പം സ്ത്രീ സുരക്ഷാ പ്രധാന ലക്ഷ്യമായി പറയുമ്പോഴും വുമണ്‍ സെല്‍ എസ് പി പദവിയും ഒഴിഞ്ഞ് കിടക്കുകയാണ്. ഉന്നത പദവികളില്‍ അഴിച്ചുപണി നടത്തി പുത്തന്‍ ഉണര്‍വ് നടത്താനും നടപടി സ്വീകരിക്കുന്നില്ല. അതേസമയം ജനുവരിയോടെ അഴിച്ചുപണി നടത്തുമെന്നാണ് പോലീസിന്റെ വിശദീകരണം.

ആലപ്പുഴയിലെ സംഭവത്തില്‍ പ്രതികളെ പിടികൂടാനാകാത്തതും പോലീസിന്റെ അനാസ്ഥയാണെന്ന ആരോപണമുയരുമ്പോഴാണ് ഉന്നത തസ്തികകളില്‍ പോലും ആളില്ലാത്തത്. ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരെ പിടികൂടാന്‍ പോലീസിനായിട്ടില്ല. പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് എഡിജിപി വിജയ് സാഖറെയും വ്യക്തമാക്കിയതോടെ എസ്ഡിപിഐ പ്രവര്‍ത്തകരായ പ്രതികളെ പിടികൂടാനാകാത്ത പോലീസിന്റെ കഴിവുകേടിനെ കുറിച്ച് ചര്‍ച്ച ഉയര്‍ന്നിരുന്നു.

ആലപ്പുഴയില്‍ രഞ്ജിത്തിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ സംസ്ഥാനം വിട്ടെന്നാണ് എഡിജിപി ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണുണ്ടായിരുന്നത്. ആ അവസ്ഥയില്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് പ്രതികള്‍ എങ്ങനെ രക്ഷപെട്ടുവെന്നാണ് ചോദ്യമുയരുന്നത്. പോലീസ് കനത്ത തെരച്ചില്‍ നടത്തുമ്‌ബോഴും പ്രതികള്‍ കണ്ണുവെട്ടിച്ച് രക്ഷപെട്ടെന്ന വിശദീകരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയരുന്നുണ്ട്.

കിഴക്കമ്ബലത്ത് പോലീസ് നേരിട്ട ആക്രമണത്തിലും പോലീസിന്റെ നിശ്ചലാവസ്ഥ ചര്‍ച്ചയാകുന്നുണ്ട്. പോലീസിനെ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ച സംഭവത്തില്‍ 164 പേരാണ് ആകെ അറസ്റ്റിലായിട്ടുള്ളത്. ആക്രമികള്‍ ശ്രമിച്ചത് സി ഐ അടക്കമുള്ള പൊലീസുകാരെ കൊലപ്പെടുത്താണെന്നാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്.

കല്ല്, മരവടി, മാരകയുധങ്ങള്‍ എന്നിവ ഉപയോഗിച്ച് എസ്എച്ച് ഒയെ അടക്കം ആക്രമിച്ചു. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും സംഘത്തിലുള്ളവര്‍ തയ്യാറായില്ല. പൊലീസ് ഉദ്യോഗസ്ഥന്‍ സാജനെ വധിക്കാന്‍ ശ്രമിച്ചത് അമ്ബതിലേറെ പേരുടെ സംഘമാണെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇത്തരത്തില്‍ സംസ്ഥാനത്ത് പോലീസ് ഉള്‍പ്പെടെ ആക്രമണം നേരിടുന്ന അവസ്ഥയിലാണ് ക്രമസമാധാന പാലനത്തിന് ചുമതലയുള്ളവരുടെ തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →