കാറില്‍ കയറ്റി ഒരാള്‍ മയക്കി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ കള്ളം പൊളിഞ്ഞു, പതിനാലുകാരിയെ ഗര്‍ഭിണിയാക്കിയത് അമ്മയുടെ സുഹൃത്ത്

രാജി ഇ ആർ -

കോട്ടയം: പാമ്ബാടിയില്‍ പീഡനത്തിനിരയായ പതിനാലുകാരി ഗര്‍ഭിണിയാകുകയും ഗര്‍ഭസ്ഥശിശു മരിക്കുകയും ചെയ്ത സംഭവത്തില്‍ അമ്മയുടെ സുഹൃത്തായ മുണ്ടക്കയം ഏന്തയാര്‍ മണല്‍പാറയില്‍ അരുണിനെ പൊലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ റിമാന്‍ഡിലാണ്. നേരത്തെ മണര്‍കാട് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് ഇനി പാമ്ബാടിയിലേയ്ക്കു മാറ്റും.

മൊബൈല്‍ ഫോണ്‍ വഴിയാണ് പ്രതി പെണ്‍കുട്ടിയുടെ മാതാവിനെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് വീട്ടിലെത്തി താമസമാരംഭിച്ചു.

ഇതിനിടെ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ നാലര മാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു മരിച്ചതോടെയാണ് പീഡന വിവരം പുറത്തായത്.

കരകൗശല വസ്തുക്കള്‍ വില്‍ക്കുകയായിരുന്ന തന്നെ അവ വാങ്ങാനെന്ന പേരില്‍ ഒരാള്‍ കാറില്‍ കയറ്റി ജ്യൂസ് നല്‍കി മയക്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി ആദ്യം പൊലീസിന് നല്‍കിയ മൊഴി. മൊഴിയില്‍ പരാമര്‍ശിക്കുന്ന സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്നാണ് അമ്മയുടെ സുഹൃത്തിലേക്കെത്തിയത്. പീഡിപ്പിച്ചിരുന്ന വിവരം അമ്മയ്ക്കും അറിയാമായിരുന്നെന്നാണ് പൊലീസ് സംശയിക്കുന്നത്. അതു തെളിഞ്ഞാല്‍ അമ്മയും പ്രതിയാവും.