
കൊച്ചി>>>ആറ് കോടിയേക്കാള്‍ വലുത് പറഞ്ഞ വാക്കാണെന്ന് വിശ്വസിച്ച് ലോട്ടറി ടിക്കറ്റ് മറ്റൊരാള്‍ക്ക് കൈമാറിയ സ്മിജയെ മലയാളികള്‍ മറന്നുകാണില്ല. തന്റെ കൈയില്‍ നിന്ന് കടമായി ടിക്കറ്റ് വാങ്ങിയ കീഴ്മാട് ചക്കംകുളങ്ങര പാലച്ചുവട്ടില്‍ ചന്ദ്രനാണ് സ്മിജ ഭാഗ്യദേവതയെ കൈമാറിയത്.
മാര്‍ച്ചില്‍ സമ്മര്‍ ബംപറടിച്ച ചന്ദ്രന് കഴിഞ്ഞ ദിവസമാണ് പണം ലഭിച്ചത്. ഭാഗ്യദേവതയെ തനിക്ക് തന്നെ സ്മിജയെ അദ്ദേഹം മറന്നില്ല. ഓണം ബംപര്‍ ലോട്ടറി എടുക്കാനെന്നു പറഞ്ഞു വീട്ടിലേയ്ക്കു ക്ഷണിച്ച് ഒരു ലക്ഷം രൂപ സമ്മാനമായി സ്മിജയ്ക്ക് നല്കി. അപ്രതീക്ഷിതമായി കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് യുവതി പറഞ്ഞു.
ലോട്ടറി വിറ്റതിനുള്ള കമ്മിഷന് തുക 60 ലക്ഷത്തില്‍ നികുതി കിഴിച്ച് 51 ലക്ഷം രൂപ കഴിഞ്ഞ മാസം സ്മിജയ്ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബംപര്‍ ലോട്ടറി ചന്ദ്രനെത്തേടി എത്തിയത്.
പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജന്‍സിയില്‍ നിന്ന് ലോട്ടറിയെടുത്ത് വില്‍പ്പന നടത്തുന്ന വലമ്പൂര്‍ സ്വദേശിനി സ്മിജ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രനോട് ഒരു ടിക്കറ്റെങ്കിലുമെടുത്ത് സഹായിക്കാന്‍ ഫോണില്‍ പറയുകയായിരുന്നു. ഇതനുസരിച്ച് ഫോണിലൂടെ നമ്പറുകള്‍ ചോദിച്ചറിഞ്ഞ ചന്ദ്രന് എസ്.ഡി. 316142 നമ്പര്‍ ടിക്കറ്റ് തിരഞ്ഞെടുത്തു. തുടര്‍ന്ന് ടിക്കറ്റ് സ്മിജയുടെ കൈവശം വയ്ക്കാന്‍ പറയുകയുമായിരുന്നു. ഇരുന്നൂറ് രൂപ അടുത്ത ദിവസം നല്‍കാമെന്നും പറഞ്ഞു. ഈ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നറിഞ്ഞതും സ്മിജ അത് ചന്ദ്രന് കൈമാറി.

Follow us on