ആള്‍ക്കൂട്ടം നിയന്ത്രിയ്ക്കുക; അല്ലെങ്കില്‍ മദ്യശാലകള്‍ അടച്ചിടുക; സര്‍ക്കാരിന് ഹൈക്കോടതിയുടെ താക്കീത്

രാജി ഇ ആർ -

കൊച്ചി>>>സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം നിയന്ത്രിയ്ക്കാനാവില്ലെങ്കില്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന് ഹൈക്കോടതി. ജനങ്ങള്‍ക്ക് മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യമൊരുക്കണം മദ്യംവാങ്ങാനെത്തുന്ന ജനങ്ങളെ പകര്‍ച്ച വ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

മദ്യം വാങ്ങുന്നവരുടെ കുടുംബങ്ങളെയും ആലോചിക്കണം. ഒന്നുകില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുക അല്ലെങ്കില്‍ പൂര്‍ണമായി അടച്ചിടുക എന്നതാണ് മുന്നിലുള്ളത്. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് രോഗം വന്നോട്ടെയെന്ന് കരുതാനാകില്ലെന്നും മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്ത അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു.

അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും പരിമിതമായ ഇടങ്ങളിലും സ്ഥിതി ചെയ്യുന്ന മദ്യ ഷോപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സൗകര്യമില്ലെന്ന് കണ്ടെത്തിയ ഷോപ്പുകള്‍ക്ക് എല്ലാം അനുമതി നല്‍കിയത് എക്‌സൈസ് കമ്മീഷണറാണെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടു മാസം വേണമെന്നും ബെവ്കോ അറിയിച്ചു. 96 ഔട്ട് ലെറ്റുകളാണ് ഇത്തരത്തില്‍ മാറ്റി സ്ഥാപിയ്ക്കുന്നത്. മൂന്നു മാസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി പറഞ്ഞു .

സെപ്റ്റംബര്‍ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. സംസ്ഥാനത്തെ മദ്യശാലകള്‍ക്കു മുന്നില്‍ ഇപ്പോഴും വലിയ തിരക്കുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. പൊലീസ് ബാരിക്കേഡുവച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഔട്ട്ലെറ്റുകളിലെ തിരക്ക് നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്. കന്നുകാലികളെപ്പോലെയാണ് മദ്യം വാങ്ങാനെത്തുന്നവരെ പരഗണിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

തൃശൂര്‍ കുപ്പം റോഡിലെ മദ്യശാലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

സര്‍ക്കാരിന്റെ പുതുക്കിയ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ട് മദ്യവില്‍പ്പനശാലകള്‍ക്ക് ബാധകമാക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനോട് ചോദിച്ചു. കടകളില്‍ പോകുന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവില്‍പ്പനശാലകള്‍ക്കും ബാധകമാക്കണമെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റോ, ആദ്യ വാക്സിന്‍ എടുത്ത രേഖയോ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്കും ബാധകമാക്കണം. വാക്സിന്‍ എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ ചെയ്തവര്‍ക്കോ മാത്രമെ മദ്യം വില്‍ക്കൂ എന്ന് തീരുമാനിക്കണം. വാക്സിനേഷന്‍ പരമാവധി ആളുകളിലേക്ക് എത്താന്‍ ഇത് ഉപകരിക്കും. മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ ആളുകള്‍ വാക്സിന്‍ എടുക്കുമെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനത്തെ മദ്യ വില്പനശാലകളുടെ സമീപത്തുകൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി വിമര്‍ശിച്ചിരുന്നു. വില്‍പ്പനശാലകളിലെ തിരക്ക് സമീപത്തു താമസിക്കുന്നവര്‍ക്ക് ഭീതി ഉണ്ടാകുന്നതായും കോടതി നിരീക്ഷിച്ചു. വില്‍പ്പനശാലകള്‍ തുറക്കുമ്‌ബോള്‍ കുറേകൂടി മെച്ചപ്പെട്ട രീതിയില്‍ വേണം വില്‍പ്പനയെന്നും കോടതി പറഞ്ഞു.

മദ്യവില്‍പ്പനശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പ്രവര്‍ത്തന സമയം കൂട്ടിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രാവിലെ ഒന്‍പത് മണിക്ക് വില്‍പ്പനശാലകളും ബാറുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന 96 വില്‍പ്പനശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിലെ എക്‌സൈസ് കമിഷണറുടെ ഇടപെടലിനെ കോടതി പ്രശംസിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണെന്നും കോടതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയ ശേഷം വിമര്‍ശനം ആവര്‍ത്തിച്ചത്.