സംസ്ഥാനത്തെ മദ്യ വില്പനശാലകളുടെ സമീപത്തുകൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാന്‍ പറ്റാത്ത അവസ്ഥ; ഹൈക്കോടതി

രാജി ഇ ആർ -

കൊച്ചി>>>സംസ്ഥാനത്തെ മദ്യ വില്പനശാലകളുടെ സമീപത്തുകൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ഹൈക്കോടതി. വില്‍പന ശാലകളിലെ തിരക്ക് സമീപത്തു താമസിക്കുന്നവര്‍ക്ക് ഭീതി ഉണ്ടാകുന്നതായും കോടതി നിരീക്ഷിച്ചു. വില്‍പ്പന ശാലകള്‍ തുറക്കുമ്‌ബോള്‍ കുറേകൂടി മെച്ചപ്പെട്ട രീതിയില്‍ വേണം വില്‍പ്പനയെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികള്‍ അടുത്ത മാസം 11 ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.

അതെ സമയം മദ്യവില്‍പ്പന ശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പ്രവര്‍ത്തന സമയം കൂട്ടിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രാവിലെ 9 മണിക്ക് വില്‍പ്പനശാലകളും ബാറുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന 96 വില്‍പ്പനശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

വിഷയത്തിലെ എക്‌സൈസ് കമിഷണറുടെ ഇടപെടലിനെ കോടതി പ്രശംസിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ വിവറേജസ് ഔട്ട്ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി.സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകളുടെ എണ്ണം താരതമ്യേന കുറവാണെന്നും ചെറിയ പ്രദേശമായ മാഹിയില്‍ ഇതിനേക്കാള്‍ കൂടുതല്‍ ഔട്ടലെറ്റുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു. തൃശൂര്‍ കുപ്പം റോഡിലെ ബിവറേജസ് ഔട്ടലെറ്റമായി ബന്ധപ്പെട്ട കോടതിയലക്ഷ്യം ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് പരാമര്‍ശം.

മറ്റു സംസ്ഥാനങ്ങളേക്കാള്‍ മദ്യവില്‍പ്പനശാലകളുടെ എണ്ണം കുറവായ സാഹചര്യത്തി ഉപയോക്താക്കള്‍ക്ക് അന്തസോടെ മദ്യം വാങ്ങാന്‍ പര്യാപ്തമായ രീതിയില്‍ മദ്യം വാങ്ങാന്‍ അവസരം നല്‍കിക്കൂടേയെന്ന് നേരത്തെ ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നിലെ അനിയന്ത്രിത ആള്‍ക്കൂട്ടത്തെ ഹര്‍ജിയില്‍ വാദം കേട്ടപ്പോള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ മൂലം വിവാഹച്ചടങ്ങുകളില്‍ ഇരുപതു പേര്‍ മാത്രം പങ്കെടുക്കുമ്പോള്‍ ബിവറേജസ് ഔട്ടലെറ്റുകള്‍ക്കു മുന്നില്‍ അഞ്ഞൂറിലധികം പേര്‍ തടിച്ചുകൂടുകയാണെന്ന് കോടി ചൂണ്ടിക്കാട്ടി. വരാന്ത്യ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്ന ശനി,ഞായര്‍ ദിവസങ്ങള്‍ക്ക് മുന്നോടിയായുള്ള വെള്ളിയാഴ്ചകളില്‍ അനിയന്ത്രിതമായ തിരക്കാണ് രൂപപ്പെടുന്നത്. ആളുകള്‍ കൂട്ടയടി നടത്തുമ്പോള്‍ ഒരു മീറ്റര്‍ അകലമെന്ന് കൊവിഡ് മാനദണ്ഡം ജലരേഖയായി മാറുകയാണ്. പരസ്പരമുള്ള സ്പര്‍ശനത്തിലൂടെയും അന്തരീക്ഷത്തിലൂടെയും കൊവിഡ് പടര്‍ന്നു പിടിയ്ക്കാനുള്ള സാധ്യത ഏറുകയാണ്.

രണ്ടാം തരംഗത്തിനുശേഷമുള്ള മൂന്നാം തരംഗം പ്രവചിയ്ക്കപ്പെടുന്ന സാഹചര്യത്തില്‍ കൊവിഡ് വ്യാപന കേന്ദ്രങ്ങളായി മദ്യവില്‍പ്പനശാലകള്‍ മാറുകയാണ്. ആദ്യ ഘട്ട ലോക്ക് ഡൗണിനുശേഷം മദ്യവില്‍പ്പനശാലകള്‍ തുറന്നപ്പോഴുള്ള തിരക്ക് ബോധ്യപ്പെട്ട സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ട് ക്യത്യമായ നടപടികള്‍ സ്വീകരിച്ചില്ല എന്നും കോടതി ചോദിച്ചു.

മദ്യം വാങ്ങാനെത്തുന്നവരെ രണ്ടും മൂന്നും മണിക്കൂറുകള്‍ പൊരിവെയിലത്ത് നീണ്ട വരിയില്‍ നിര്‍ത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. മദ്യം വാങ്ങാനെത്തുന്നവരുടെയും വില്‍പ്പനശാലകള്‍ക്ക് സമീപത്തുകൂടെ കടന്നുപോകുന്ന ജനങ്ങളുടെയും അന്തസ് നിലനിര്‍ത്താന്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.

മാനേജിംഗ് ഡയറക്ടര്‍ യോഗേഷ് കുമാര്‍ ഗുപ്തയുടെ സാന്നിദ്ധ്യത്തില്‍ കോടതി വിവറേജസ് കോര്‍പറേഷനെ രൂക്ഷമായി വിമര്‍ശിച്ചു.സംസ്ഥാന സര്‍ക്കാര്‍ മദ്യവില്‍പ്പനയുടെ കുത്തക ബിവേറേജസ് കോര്‍പറേഷനു നല്‍കിയിരിയ്ക്കുന്ന മത്സരമില്ലത്തതുകൊണ്ടു തന്നെ എങ്ങിനെയും മദ്യം വിറ്റ് പണമുണ്ടാക്കിയാല്‍ മതിയെന്ന് മാത്രമാണ് ബൈവ്കോയുടെ കരുതല്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.