കേരളത്തില്‍ പനിയും ചുമയും പടരുന്നു, വില്ലന്‍ കൊവിഡ് അല്ല, കാരണം മറ്റൊന്നെന്ന് വിദഗ്ദ്ധര്‍

തിരുവനന്തപുരം>> സംസ്ഥാനത്ത് പനിയും ചുമയും പടരുന്നതില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ദ്ധര്‍.

എന്നാല്‍ ജാഗ്രത കൈവിടരുതെന്നും ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. കൊവിഡ് സമാനലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവര്‍ക്ക് പരിശോധനയില്‍ നെഗറ്റീവ് ആകുന്ന മുറയ്ക്ക് തുടര്‍ ചികിത്സ നല്‍കിവരികയാണ്.

രാത്രിയിലെ തണുപ്പും രാവിലെയും ഉച്ചയ്ക്കുമുള്ള കഠിന ചൂടും തമ്മില്‍ അനുപാതമില്ലാത്തതാണ് പുതിയ സ്ഥിതി വിശേഷത്തിന് കാരണം. വൈറസിന് അനുകൂല കാലാവസ്ഥയാണ് നിലവില്‍ സംസ്ഥാനത്തുള്ളതെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരാഴ്ചയ്ക്കിടെ പനിബാധിതരായവരുടെ എണ്ണം 37,453 ആണ്. 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറല്‍ പനി, ചുമ, ജലദോഷം, ശ്വാസതടസ്സം എന്നിവയാണ് കൂടുതല്‍ കാണുന്നത്. പ്രായമേറിയവര്‍ പനി ബാധിച്ചാല്‍ ഉടന്‍ ചികിത്സ തേടണമെന്നും അല്ലാത്തപക്ഷം അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

വായുവില്‍ വേഗം പകരുന്ന വൈറസുകളാണ് രോഗബാധയുണ്ടാക്കുന്നത്. മാസ്‌ക് ഉപയോഗത്തില്‍ ജാഗ്രതക്കുറവ് കാണുന്നുണ്ടെന്നും മീറ്റിങ്ങുകളിലും ഉത്സവങ്ങളിലും മാസ്‌ക് ഒഴിവാക്കുന്നത് അപകടകരമാണെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →