സ്പീക്കറുടെ വാഹനം ദേശീയപാതയിലെ കുഴിയില്‍ വീണ് പഞ്ചറായി; പിന്നാലെ വാഴ നട്ട് നാട്ടുകാര്‍

രാജി ഇ ആർ -

കായംകുളം>>> കായംകുളത്ത് ദേശീയപാതയിലെ കുഴിയില്‍ വീണ് സ്പീക്കര്‍ എം.ബി. രാജേഷിന്റെ വാഹനം പഞ്ചറായി. ഞായറാഴ്ച രാത്രി എട്ട് മണിയോടെ കെ.പി.എ.സിക്ക് സമീപമായിരുന്നു സംഭവം. ഹരിപ്പാട് മുതല്‍ കായംകുളം വരെയുള്ള കുഴികള്‍ ഭീഷണിയാകുന്നു എന്ന പരാതി നിലനില്‍ക്കെയാണ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സ്പീക്കറുടെ വാഹനം അപകടത്തില്‍പ്പെടുന്നത്.

തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ ദേശീയപാതയില്‍ 66 ല്‍ കായംകുളം കെ.പി.എ.സി. ക്ക് സമീപം ഞായറാഴ്ച രാത്രി 8.30 നാണ് സംഭവം. സംഭവം അറിഞ്ഞ് നാട്ടുകാരും ഓടിക്കൂടി. കാര്‍ പഞ്ചറായതിനെ തുടര്‍ന്ന് സ്പീക്കറെ പോലീസിന്റെ വാഹനത്തില്‍ കൃഷ്ണപുരം കെ.ടി.ഡി. സി. യില്‍ എത്തിച്ചു. കാറിന്റെ പഞ്ചര്‍ ഒട്ടിച്ച് ഒന്‍പത് മണിയോടെയാണ് സ്പീക്കര്‍ യാത്ര തുടര്‍ന്നത്. ദേശീയപാതയില്‍ ഹരിപ്പാട് മുതല്‍ കൃഷണപുരം വരെ റോഡില്‍ നിറയെ കുഴികളാണ്.

വാഹനങ്ങള്‍ കുഴിയില്‍ വീണ് നിരവധി അപകടങ്ങളാണ് ദിനംപ്രതി ദേശീയ പാതയില്‍ നടന്നു കൊണ്ടിരിക്കുന്നത്. സ്പീക്കറുടെ വാഹനം പഞ്ചറായതിന് പിന്നാലെ നാട്ടുകാര്‍ റോഡിലെ കുഴിയില്‍ വാഴ നട്ടു.