നാടിനെ നടുക്കിയ നിലമ്പൂര്‍ കവളപ്പാറ മണ്ണിടിച്ചില്‍ ദുരന്തത്തിന് ഇന്നേക്ക് രണ്ട് വയസ്

രാജി ഇ ആർ -

നിലമ്പൂര്‍ കവളപ്പാറ മണ്ണിടിച്ചില്‍ ദുരന്തത്തിന് ഇന്നേക്ക് രണ്ടുവര്‍ഷം. 59 പേരുടെ ജീവനെടുത്ത ദുരന്തത്തില്‍ എല്ലാം വീടും ഭൂമിയും നഷ്ടമായവരുടെ പുനരധിവാസം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല.

2019 ആഗസ്റ്റ് 08 രാത്രി 8 മണിയോടെ ആണ് മുത്തപ്പന്‍ മലയിടിഞ്ഞ് വീണ് ഒരു നാടിനെ ഒന്നാകെ മൂടിയത്. രണ്ട് ദിവസമായി പെയ്തിരുന്ന കനത്ത മഴയില്‍ മലയുടെ ഒരു ഭാഗം ഒന്നാകെ ഇടിഞ്ഞിറങ്ങുക ആയിരുന്നു. കര കവിഞ്ഞ ചാലിയാറും കൈതോടുകളും ഇവിടേക്ക് ഉള്ള വഴികള്‍ മൂടിയിരുന്നു. വൈദ്യുതി ബന്ധവും മൊബൈല്‍ നെറ്റ് വര്‍ക്കും കൂടി നഷ്ടമായതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു.

ദുരന്തം നടന്ന് 18 മണിക്കൂര്‍ കഴിഞ്ഞാണ് രക്ഷാ പ്രവര്‍ത്തകര്‍ക്ക് പോലും ഇവിടേക്ക് എത്തിപ്പെടാന്‍ ആയത്. 59 പേരായിരുന്നു മണ്ണിനടിയില്‍ പെട്ടത്. ദേശീയ ദുരന്ത നിവാരണ സേന, ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥര്‍, പോലീസ്, വിവിധ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ സംയുക്തമായിട്ടായിരുന്നു മീറ്ററുകളോളം ഉയരത്തില്‍ അടിഞ്ഞ മണ്ണില്‍ തെരച്ചില്‍ നടത്തിയത്.

കേരളം കണ്ടതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചില്‍ മാത്രമായിരുന്നില്ല കവളപ്പാറയിലേത്. ഭൂഗര്‍ഭ റഡാറുകള്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ വരെ തെരച്ചിലിന് ഉപയോഗപ്പെടുത്തിയിരുന്നു. 18 ദിവസം നീണ്ട തെരച്ചിലില്‍ കണ്ടത്തൊന്‍ ആയത് 48 പേരുടെ ശരീരാവശിഷ്ടങ്ങള്‍ മാത്രം. ബാക്കി 11 പേരുടെ മൃതദേഹങ്ങള്‍ ഇന്നും ഈ മണ്ണിനടിയില്‍ എവിടെയോ ഉണ്ട്.

രണ്ട് വര്‍ഷത്തിന് ഇപ്പുറവും മേഖലയിലെ പുനരധിവാസം പൂര്‍ണമായും പൂര്‍ത്തിയായിട്ടില്ല.108 പേര്‍ക്ക് ആയിരുന്നു പുനരധിവാസം നിശ്ചയിച്ചത്. എം എ യൂസഫലി 33 വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. 19 വീടുകള്‍ വിവിധ സംഘടനകളും സര്ക്കാര് സംവിധാനങ്ങളും ചേര്‍ന്ന് നിര്‍മ്മിച്ച് കൈമാറി. എന്നാല്‍ കവളപ്പാറ ദുരന്തത്തില്‍ എല്ലാം നഷ്ടമായ ആദിവാസി കുടുംബങ്ങള്‍ പോത്തുകല്ലിലെ ക്യാമ്പില്‍ ആണ് ഇപ്പോഴും. ഈ 32 കുടുംബങ്ങള്‍ക്ക് ഉള്ള വീടുകളുടെ നിര്‍മ്മാണം ആനക്കല്ലില്‍ പുരോഗമിക്കുകയാണ്.

ജില്ലാ ഭരണകൂടവും സ്ഥലം എംഎല്‍എ പി വി അന്‍വര്‍ തമ്മിലുള്ള തര്‍ക്കമാണ് ഈ വീടുകളുടെ നിര്‍മാണം വൈകാന്‍ കാരണമായത്. മുന്‍ കളക്ടര്‍ ജാഫര്‍ മാലിക് വിഭാവനം ചെയ്ത മാതൃക ഗ്രാമം പദ്ധതിക്ക് എതിരെ സ്ഥലം എംഎല്‍എ പി വി അന്‍വര്‍ രംഗത്ത് വരികയായിരുന്നു.

ഇരുവരും തമ്മിലുള്ള പോര് പദ്ധതിയെ ബാധിച്ചു. തുടര്‍ന്ന് ഇവരുടെ പുനരധിവാസം നടപ്പിലാക്കാന്‍ ഹൈക്കോടതി വരെ ഇടപെടേണ്ടി വന്നു. മുന്‍പ് ജാഫര്‍ മാലിക് ഉദ്ദേശിച്ചസ്ഥലത്ത് തന്നെയാണ് ഇപ്പോള്‍ 32 ആദിവാസി കുടുംബങ്ങള്‍ക്ക് വീട് ഉയരുന്നത്. ഇവര്‍ അടക്കം 56 കുടുംബങ്ങളുടെ പുനരധിവാസം ആണ് ഇനിയും പൂര്‍ത്തിയാകാന്‍ ഉള്ളത്.

ദുരന്തത്തില്‍ പ്രദേശത്ത് മൂടിയ മണ്ണ് നീക്കണം എന്ന ഇവിടത്തുകാരുടെ ആവശ്യം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ഭൂമി പണയം വെച്ച് വായ്പ എടുക്കാനോ പുതുക്കാനോ കഴിയാത്ത സ്ഥിതിയില്‍ ആണ് കവളപ്പാറക്കാര്‍.

അപകടം നടന്ന മുത്തപ്പന്‍ മലയുടെ അടുത്ത് താമസിക്കുന്ന 40 ഓളം കുടുംബങ്ങള്‍ പുനരധിവാസമെന്നആവശ്യം ഉയര്‍ത്തുന്നത് ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ഇനി എങ്കിലും ഇതെല്ലാം പരിഗണിക്കും എന്ന പ്രതീക്ഷയില്‍ ആണ് കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നിനെ അതിജീവിച്ച ഈ ഗ്രാമവാസികള്‍.