
കോതമംഗലം>>കോട്ടപ്പടി,പിണ്ടിമന പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട മേയ്ക്കപ്പാല മുതല്‍ വേട്ടാമ്പാറ വരെയുള്ള പ്രദേശങ്ങളില്‍ കാട്ടാനകളുടെയും മറ്റ് വന്യ ജീവികളുടെയും ആക്രമണം രൂക്ഷമായസാഹചര്യത്തില്‍ പ്രദേശവാസികള്‍ വെള്ളിയാഴ്ച (മാര്‍ച്ച് 11)മലയാറ്റൂര്‍ ഡിഎഫ് ഒ ഓഫീസിലേയ്ക്കും കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസിലേയ്ക്കും ധര്‍ണ്ണ നടത്തുന്നു.കക്ഷി രാഷ്ട്രീയ ഭേദമന്യേ കണ്ണക്കട മുതല്‍ വേട്ടാമ്പാറ വരെയുള്ള ആളുകള്‍ പങ്കെടുക്കുമെന്ന് ജനകീയ സമര സമിതി കണ്‍വീനര്‍ അറിയിച്ചു.
മലയാറ്റൂര്‍ ഡി.എഫ്.ഒ മുമ്പാകെ താഴെ പറയുന്ന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം സമര്‍പ്പിക്കുമെന്നും കണ്‍വീനര്‍ അറിയിച്ചു.
ആവശ്യങ്ങള്‍:
1.മേയ്ക്കപ്പാല മുതല്‍ വേട്ടാമ്പാറ വരെയുള്ള പ്രദേശങ്ങളിലെ നിലവിലുള്ള സോളാര്‍ ഫെന്‍സിങ്ങ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നവീകരണം നടത്തുക.
2. മേയ്ക്കപ്പാല മുതല്‍ വേട്ടാമ്പാറ വരെ നീണ്ടു കിടക്കുന്ന കാടും കര്‍ഷകരുടെ കൃഷിയിടവും വിഭജിക്കുന്ന ബൗണ്ടറി റോഡ് സഞ്ചാരയോഗ്യമാക്കുക.
3.ടി ബൗണ്ടറി റോഡില്‍ സോളാര്‍ ഫെന്‍സിങ്ങിനോട് ചേര്‍ന്ന് വഴിവിളക്കുകള്‍ സ്ഥാപിക്കുക.
4. കണ്ണക്കട മുതല്‍ വേട്ടാമ്പാറ വരെയുള്ള ഭാഗത്ത് ഇട്ടിരിക്കുന്ന ഫെന്‍സിങ്ങ് സംരക്ഷണാര്‍ത്ഥം 50 മീറ്റര്‍ വീതിയില്‍ മരങ്ങള്‍ മുറിച്ചു മാറ്റി ക്ലിയറന്‍സ് കൊടുത്ത് ആന മരം ഫെന്സിങ്ങിലേയ്ക്ക് തള്ളിയിട്ട് ഇറങ്ങി പോകുന്ന സാഹചര്യം അവസാനിപ്പിക്കുക.
5. നിലവിലെ സോളാര്‍ ഫെന്‍സിങ്ങിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഹാങ്ങിങ്ങ് ഫെന്‍സിങ്ങ് ഇല്ലാത്ത ഭാഗങ്ങളില്‍ ടി സംവിധാനം സ്ഥാപിക്കുക.
6. വന്യജീവികള്‍ മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരവും അത്യാഹിത അവസരങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സമ്പൂര്‍ണ്ണ ചികിത്സ ചിലവും ലഭ്യമാക്കുക.
7. ടി നാശനഷ്ടങ്ങളുടെ യഥാര്‍ത്ത മൂല്യം വിലയിരുത്തുന്നതിനായി കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍, ഫോറസ്റ്റ് ഓഫിസര്‍ എന്നിവരുടെ സംയുക്ത സമിതി ഉടനടി സ്ഥലം സന്ദര്‍ശിക്കുന്നതിനും അവിടെ വെച്ച് തന്നെ നഷ്ട പരിഹാരത്തിനു വേണ്ട അപേക്ഷ സ്വീകരിച്ച് നടപടി കൈക്കൊണ്ട് കഷകര്‍ക്ക് കൈപ്പറ്റ് രസീത് നല്‍കുകയും ചെയ്യാനുള്ള സംവിധാനം ഉണ്ടാകണം.
8.വന്യ ജീവികളുടെ ആക്രമണം ശാശ്വതമായി തടയുന്നതിന് ആവശ്യമായ കാര്യങ്ങളെക്കുറിച്ച് പഠിക്കുവാനും സമയബന്ധിതമായി റിപ്പോര്‍ട്ട് നല്കുവാനുമായി പ്രദേശവാസികളുടേയും ഉദ്യോഗസ്ഥരുടേയും ഏഴംഗ സംയുക്ത സമിതി ഡി.എഫ്.ഒ യുടെ കീഴില്‍ രൂപീകരിക്കുക.
9. ആന മതില്,ട്രെഞ്ച് തുടങ്ങിയവയുടെ ഘട്ടം ഘട്ടമായുള്ള നിര്‍മ്മാണത്തിന് അവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിലേയ്ക്ക് ഫണ്ട് കണ്ടെത്തുന്നതിന് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സന്നദ്ധ സ്ഥാപനങ്ങള്‍ക്കും സി എസ് ആര് ലഭ്യമാകുന്നതിനു വേണ്ടി കത്തയയ്ക്കുന്ന നടപടികള്‍ ഉള്‍പ്പടെ അടിയന്തിരമായി പൂര്‍ത്തീകരിക്കണം.
10. ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കുന്നതിനുള്ള ഉപാധികള്‍ സംരക്ഷിക്കുന്നതിന് സന്നദ്ധ സേവകരെയും വാച്ചര്‍മാരെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി സംരക്ഷണ സമിതികള്‍ രൂപീകരിക്കുക. പ്രദേശത്തെത്തുന്ന ഉദ്യോഗസ്ഥരുടെ അറ്റന്‍ഡന്‍സ് സമയം ഉള്‍പ്പടെ രേഖപ്പെടുത്തുന്നതിനുള്ള ഡിജിറ്റല്‍ സംവിധാനം സ്ഥാപിക്കുക.
11. ടി സംരക്ഷണ സമിതികളുടെ സുഖമമായ നടത്തിപ്പിന് ആവശ്യമായ ഉപകരണങ്ങള്‍ ടോര്ച്ചുകള്, ഉച്ചഭാഷിണികള്‍, പണി ആയുധങ്ങള്‍ ഉള്‍പ്പടെ ലഭ്യമാക്കണം.അംഗങ്ങള്‍ക്ക് ക്യാഷ് ലെസ്സ് ഫെസിലിറ്റിയോടു കൂടിയ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം.
12. വന മേഖലയോട് ചേര്‍ന്ന് ജീവിക്കുന്ന കര്‍ഷകരുടെ ജീവനും സ്വത്തിനും വനം വകുപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണം.
വാവേലിയില്‍ നിന്നും രാവിലെ 9.30 ന് പുറപ്പെടുന്ന വിധം ബസ് ക്രമീകരണം ഉണ്ടായിരിക്കുന്നതാണ്