കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് : അന്തിമ വിജ്ഞാപനം കേന്ദ്രം നാളെ പ്രസിദ്ധീകരിക്കുമെന്ന് സൂചന

-

ന്യൂഡല്‍ഹി>>കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച അന്തിമ വിജ്ഞാപനം കേന്ദ്രം നാളെ പ്രസിദ്ധീകരിക്കുമെന്ന് സൂചന. അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുക ഹരിത ട്രൈബ്യൂണലിന്റെ അനുമതിയോടെയാകും. കരട് വിജ്ഞാപനത്തിന്റെ കാലാവധിയും നാളെ അവസാനിക്കാനിരിക്കെയാണ് അന്തിമ വിജ്ഞാപനം നാളെ പ്രസിദ്ധീകരിക്കുന്നത്. കോര്‍ മേഖല നോണ്‍ കോര്‍ മേഖല എന്നിങ്ങണെ പരിസ്ഥിതി ലോല മേഖലകളെ വിജ്ഞാപനത്തില്‍ തരം തിരിക്കും.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന തര്‍ക്കത്തിന് പരിഹാരമായിരുന്നു. നോണ്‍കോര്‍ മേഖലയുടെ നിയന്ത്രണാധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനൊരുങ്ങുകയാണ് കേന്ദ്രം. വ്യവസ്ഥകളോടെയാണ് നോണ്‍കോര്‍ മേഖലയുടെ നിയന്ത്രണാധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കുക. സോണല്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കണം എന്നാണ് വ്യവസ്ഥ. സോണല്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ ഒരു സമിതിയെ നിയോഗിക്കണം. റെഡ് കാറ്റഗറി വ്യവസായങ്ങള്‍ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ നോണ്‍കോര്‍ മേഖലയില്‍ നടത്താം. പരിസ്ഥിതി മേഖലയുടെ പൊതു മേല്‍നോട്ടം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തുടര്‍ന്നും നിര്‍വഹിക്കും.

അന്തിമവിജ്ഞാപനത്തില്‍ ജനവാസമേഖലയെ പരിസ്ഥിതി ദുര്‍ബല മേഖലയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കും. പരിസ്ഥിതി ദുര്‍ബലമേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയില്‍ കേരളം ഇളവ് ആവശ്യപ്പെട്ടിരുന്നു. 1,337.24 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കണം എന്നാവശ്യപ്പെട്ടതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചതായും മന്ത്രി അറിയിച്ചു. ഇളവുകളുള്ള മേഖലയായി അംഗീകരിക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കി. എന്നാല്‍ എന്ത് ഇളവാണെന്നത് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

880ല്‍ അധികം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ആദ്യം കേരളം ആവശ്യപ്പെട്ടിരുന്നത്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് കസ്തൂരി രംഗന്‍ സമിതി ശുപാര്‍ശ ചെയ്തിരുന്നത് കേരളത്തിന്റെ 13,109 ചതുരശ്ര കി.മീ പാരിസ്ഥിതിക ദുര്‍ബല മേഘലയാണെന്നാണ്. ഇത് കേരളത്തിന്റെ പല മേഖലകളില്‍ നിന്നും പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കേരളം ഉമ്മന്‍ വി ഉമ്മന്‍ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് 9,903.7 ച.കി.മീ മാത്രമാണ് പാരിസ്ഥിതിക ദുര്‍ബല മേഖലയെന്ന് ഈ സമിതി കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →