കാസര്‍കോട്ട് കാവല്‍ക്കാരനെ കെട്ടിയിട്ട് ജുവലറിയില്‍ കവര്‍ച്ച, മോഷണം നടന്നത് പുലര്‍ച്ചെ മൂന്നുമണിക്ക്

രാജി ഇ ആർ -

കാസര്‍കോട്>>> ജില്ലയിലെ ഹെസങ്കടിയില്‍ ജുവലറിയില്‍ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച. പതിനഞ്ച് ലക്ഷം രൂപയുടെ വെള്ളിയും നാലുലക്ഷം രൂപയുമാണ് കവര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. മഞ്ചേശ്വരം ഹെസിങ്കിടി ദേശീയ പാതയിലെ രാജധാനി ജുവലറിയിലായിരുന്നു കവര്‍ച്ച.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കാറില്‍ എത്തിയ സംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കാവല്‍ക്കാരനായ അബ്ദുള്ളയെ കെട്ടയിട്ടശേഷമാണ് മോഷ്ടാക്കള്‍ ജുവലറിക്കുള്ളില്‍ കടന്നത്. അയാളുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചെന്നും സംശയിക്കുന്നുണ്ട്. തലയില്‍ സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മോഷ്ടാക്കളെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ജുവലറിയിലെയും സമീപത്തെയും സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദിവസങ്ങളോളം ജുവലറിയും പരിസരവും നിരീക്ഷിച്ചശേഷമാകാം മോഷണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.