കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ബിജു കരീമും, ബിജോയിയും നടത്തിയത് കോടികളുടെ തട്ടിപ്പ്

രാജി ഇ ആർ -

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ മുഖ്യ പ്രതികളായ ബിജു കരീമും, ബിജോയിയും മാത്രം നടത്തിയത് കോടികളുടെ തട്ടിപ്പെന്ന് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍.

ഇരുവരും ചേര്‍ന്ന് വായ്പ ചട്ടങ്ങള്‍ മറികടന്ന് 46 ലോണുകളില്‍ നിന്നായി 50 കോടിയിലധികം രൂപയാണ് ബാങ്കില്‍ നിന്നെടുത്തത്. ബാങ്കില്‍ ജോലി ലഭിച്ചതിന് ശേഷം വളരെ പെട്ടെന്ന് സാമ്ബത്തിക വളര്‍ച്ച ഇരുവരും ഉണ്ടാക്കിയെന്ന് നാട്ടുകാരും ആരോപിക്കുന്നു.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ മുന്‍ മാനേജറും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ ബിജു കരിമാണ് വായ്പ തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ബിജു കരീം കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി.

, ഭാര്യയുടെ അച്ഛന്‍, അമ്മ, തുടങ്ങിയ ബന്ധുക്കളുടെ പേരില്‍ 19 കോടി രൂപയുടെ വായ്പയാണ് എടുത്തത്. ഒരാളുടെ അക്കൗണ്ടില്‍ രണ്ട് വായ്പയെ പാസ്സാക്കാവു എന്ന ചട്ടം നിലനില്‍ക്കെയാണ് കോടികളുടെ തട്ടിപ്പ്.

ബാങ്കിലെ കമ്മീഷന്‍ ഏജന്റായ ബിജോയ് 28 വായ്പകളില്‍ നിന്നായി 26 കോടി രൂപയാണ് വായ്പയായി ബാങ്കില്‍ നിന്ന് തട്ടിയെടുത്തത്. തിരിമറി നടത്തിയ പണം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും റിസോര്‍ട് നിര്‍മാണത്തിനുമാണ് ഇരുവരും കൂടുതലായി ചിലവഴിച്ചത്.

ബിജു കരീമിന്റെയും, ബിജോയുടെയും സാമ്ബത്തിക സ്ഥിതിയില്‍ വളരെ പെട്ടെന്ന് ഉയര്‍ച്ച ഉണ്ടായത് ബാങ്കില്‍ ജോലി ലഭിച്ചതിന് ശേഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അന്വേഷണം ആരംഭിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ ഇരുവരും ഒളിവിലാണ്.