കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

രാജി ഇ ആർ -

തൃശൂര്‍>>>കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. ബ്രാഞ്ച് മാനേജര്‍ ബിജു കരീം, അക്കൗണ്ടന്റ് സി കെ ജില്‍സ് എന്നിവരാണ് കീഴടങ്ങിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

കേസില്‍ ബിജു രണ്ടാം പ്രതിയും, ജില്‍സ് മൂന്നാം പ്രതിയുമാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഒന്നാം പ്രതിയെ നേരത്തെ പിടികൂടിയിരുന്നു.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഇനി മൂന്ന് പേര്‍ കൂടിയാണ് പിടിയിലാകാനുള്ളത്. തൃശൂര്‍ നഗരത്തിലെ പല ബ്ലേഡ് കമ്പനികളില്‍ നിന്നായി ഇവര്‍ പതിനാല് കോടിയോളം രൂപ വായ്പ എടുത്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ബാങ്ക് തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ ഇന്നുതന്നെ നടപടിയുണ്ടായുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഉന്നതതലയോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ക്രമക്കേട് കണ്ടെത്തുന്നതില്‍ വീഴ്ചവരുത്തിയ ഓഡിറ്റര്‍മാര്‍ ഉള്‍പ്പടെ പതിനാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്‌തേക്കും.