കരുവന്നൂര്‍ ബാങ്കില്‍ ക്രൈംബ്രാഞ്ച് പരിശോധന; തട്ടിപ്പ് രേഖകള്‍ക്ക് പ്രത്യേക ലോക്കര്‍

രാജി ഇ ആർ -

തൃശൂര്‍ >>>കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പരിശോധന നടത്തി. അനധികൃത ഇടപാടുകളുടെയും വായ്പകളുടെയും രേഖകള്‍ സൂക്ഷിക്കാന്‍ പ്രത്യേക ലോക്കര്‍ സംവിധാനം ബാങ്കിലുണ്ടായിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായി. അനധികൃത ഇടപാടുകളുടെ രേഖകളെല്ലാം ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

അതിനിടെ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സിപിഎമ്മില്‍ കൂട്ടനടപടിയുണ്ടായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്, കെ.ആര്‍.വിജയ എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ മുതിര്‍ന്ന നേതാവ് സി.കെ. ചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു. പ്രതികളെയും മുന്‍ ഭരണസമിതി പ്രസിഡന്റിനെയും പുറത്താക്കി. ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയെയും നീക്കി.

സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്റെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിലാണ് തീരുമാനം.