
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം കൂടുതല്‍ വിപുലമാക്കാന്‍ ഒരുങ്ങുകയാണ് കസ്റ്റംസ്. നിലവില്‍ കേസില്‍ കാര്യമായ മുന്നോട്ടു പോക്ക് ഉണ്ടായിട്ടില്ല എന്ന വിമര്‍ശനം കസ്റ്റംസ് നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം.
കൊടുവള്ളി സംഘത്തെ കുറിച്ചും ഈ മേഖലയിലെ കള്ളക്കടത്തിനെക്കുറിച്ചും വ്യക്തമായ വിവരം മറ്റുള്ളവരെക്കൂടി ചോദ്യം ചെയ്താല്‍ ലഭിക്കും എന്ന വിശ്വാസത്തിലാണ് അന്വേഷണസഘം. ഇതിനായി കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയിലെടുക്കാനൊരുങ്ങുകയാണ് കസ്റ്റംസ്. സൂഫിയാന് ഉള്‍പ്പെടെ പോലിസ് അറസറ്റ് ചെയ്ത 14 പേരെ കസ്റ്റഡില്‍ ലഭിക്കാന്‍ കസ്റ്റംസ് മഞ്ചേരി കോടതിയില്‍ അപേക്ഷ നല്‍കും.
പലരെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും നിര്‍ണായകമായ ഒരു ഇടപെടല്‍ നടത്താന്‍ കസ്റ്റംസിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് വിമര്‍ശനം. ടി. പി വധക്കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും നേതൃത്വം നല്‍കുന്നതാണ് കരിപ്പൂരിലെ സ്വര്‍ണ്ണക്കടത്തെന്നും ഇവരുടെ ഇടപെടല്‍ വലുതാണെന്നും കാണിച്ചുള്ള കസ്റ്റംസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചുവെങ്കിലും ഇത് തെളിയിച്ചു കൊണ്ട് മുന്നോട്ടു പോകുവാനോ അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ നടത്തുവാനോ കഴിഞ്ഞില്ല.
ടി. പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ചോദ്യം ചെയ്ത വിട്ടയയ്ക്കുക ആണ് ഉണ്ടായത്. മൊബൈല്‍ സിം എടുത്തു കൊടുത്ത കുറ്റത്തിനാണ് അജ്മല്‍ എന്നയാളെ കേസില്‍ അവസാനം അറസ്റ്റ് ചെയ്തത്.

കൂടുതല്‍ പേരിലേക്ക് അന്വേഷണം എത്തിക്കുകയും മറ്റുള്ളവരുടെ പങ്കുകൂടി വ്യക്തമാകുന്ന രീതിയില്‍ തെളിവുകള്‍ കണ്ടെത്തുകയും ചെയ്താല്‍ മാത്രമേ കരിപ്പൂര്‍ കേസില്‍ കസ്റ്റംസിന് മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂ. ദുബൈയില്‍ നിന്നും സ്വര്‍ണ്ണം എത്തിച്ചത് കൊടുവള്ളി സംഘത്തിലെ സൂഫിയാനു വേണ്ടിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
ഇയാളെ സഹായിക്കാനായി എത്തിയ ചേര്പ്പളശേരി സംഘത്തിലെ ആളുകളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലിസ് സൂഫിയാനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ മൂന്നു പേരുടെ അറസ്റ്റാണ് കസ്റ്റംസ് രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്ത 14 പേരെക്കൂടി ചോദ്യം ചെയ്യുകയും ഇവരുടെ പങ്ക് വ്യക്തമായാല്‍ അറസ്റ്റ് രേഖപ്പെടുത്താനുമാണ് കസ്റ്റംസ് നീക്കം.
അതിനിടെ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന ആകാശ് തില്ലങ്കരിയോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കൂടാതെ കേസിലെ മുഖ്യ സൂത്രധാരന്‍ അര്ജ്ജുന് ആയങ്കിയുടെ ജാമ്യാപേക്ഷ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ പ്രണവ്, റമീസ് എന്നിവര്‍ക്കും കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.

Follow us on