കരിപ്പൂര്‍ >>>കവര്‍ച്ചാ കേസില്‍ താമരശ്ശേരി സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. താമരശ്ശേരി കുടുക്കിലമാരം സ്വദേശി കുടുക്കില്‍ പോയില് ഇജാസ് (31) നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെയാണ് നമ്ബറില്ലാത്ത കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇയാളെ താമരശ്ശേരിയില്‍ നിന്നും പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ സംഭവ ദിവസം താമരശേരിയില്‍ നിന്നും വന്ന സ്വര്‍ണകടത്ത് സംഘത്തോടൊപ്പം ഇയാളും ഉണ്ടായിരുന്നതായും ആര്ജുന് ആയങ്കി വന്ന വാഹനത്തെ പിന്തുടര്ന്നതായും തുടര്‍ന്ന് പാലക്കാട് സംഘം വന്ന കാര്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നത് കണ്ടതായും പറയുന്നു. ഇയാളില്‍ നിന്നും താമരശ്ശേരി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഇയാള്‍ക്കും സംഘത്തിനും രക്ഷപ്പെടുന്നതിന് വാഹനം കൈമാറിയ ആളുകളും ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയതുള്‍പ്പെടെ സൗകര്യങ്ങള്‍ ചെയ്തു നല്കിയ ആളുകള്‍ നിരീക്ഷണത്തിലാണ്.
ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. അര്ജുന് ആയങ്കിയെ അപായപ്പെടുത്താന്‍ ടിപ്പര്‍ ലോറിയsക്കം ഉള്ള വാഹനങ്ങളുമായി എത്തിയത് ഇയാളുള്‍പ്പെട്ട സംഘമായിരുന്നു. 80 ഓളം പേര് സംഭവ ദിവസം വിവിധ വാഹനങ്ങളിലായി എയര്‍ പോര്‍ട്ടില്‍ വന്നതായും തിരിച്ചറിയുന്നതിന് വാഹനങ്ങളില്‍ സ്റ്റിക്കറും എല്ലാവര്ക്കും പ്രത്യേക തരം മാസ്കും വിതരണം ചെയ്തത് ഇവരുള്‍പ്പെട്ട സംഘമാണെന്നും കണ്ടെത്തി. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം 47 ആയി. 18 ഓളം വാഹനങ്ങളും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം കൊടുവള്ളി സംഘത്തിലെ പ്രതികള്‍ക്ക് ബംഗളൂരുവില്‍ ഒളിവില്‍ കഴിയാന്‍ താമസ സൗകര്യം ചെയ്തു കൊടുത്ത ചിന്നന് ബഷീര്‍ എന്നയാളെ ബംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ കൊടിയത്തൂര്‍ സ്വര്‍ണ കടത്ത് സംഘത്തിന് ഒളിവില്‍ കഴിയാന്‍ സൗകര്യം ചെയ്തു കൊടുത്തതിന് അലി ഉബൈറാന് എന്നയാളേയും അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫ് എന്നിവരുടെ നേത്യത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Follow us on