Type to search

മലപ്പുറത്ത് രണ്ടര കോടി രൂപയുടെ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

Latest News Local News News

മലപ്പുറം>>> പൂക്കോട്ടുപാടം കൂറ്റംമ്പാറയില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട. 182 കിലോയോളം കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. രണ്ടര കോടിയോളം വിലവരുന്ന ലഹരി വസ്തുക്കളും ഹാഷിഷ് ഓയില്‍ കൊണ്ടുവരാന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച് ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് പൂക്കോട്ടുപാടത്ത് നടന്നത്.


പ്രദേശത്തെ കാടുപിടിച്ച് മേഖലയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പൂക്കോട്ടുപാടം കുറ്റമ്പാറ പരതകുന്നില്‍ ആമ്പുക്കാടന്‍ സുഹൈലിന്റെ കാട് പിടിച്ച പറമ്പില്‍ ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് പുലര്‍ച്ചെ 6 മണിയോടെ എക്‌സൈസ് സംഘം പിടികൂടിയത്. എക്‌സൈസ് വകുപ്പിന് ലഭിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മേഖലയില്‍ പരിശോധന നടത്തിയത്. കഞ്ചാവിന്റെ സൂക്ഷിപ്പുകാരായ കൂറ്റംമ്പാറ സ്വദേശികളായ കളത്തില്‍ ഷറഫുദ്ദീന്‍, ഓടക്കല്‍ അലി, കല്ലിടുമ്പില്‍ ജംഷാദ്, വടക്കുംപാടം ഹമീദ് എന്നിവരെ എക്‌സൈസ് സംഘം പിടികൂടുകയും ചെയ്തു.


രണ്ട് പ്രതികള്‍ ഓടി രക്ഷപെട്ടു. വിഷ്ണു, സല്‍മാന്‍ എന്നിവരാണ് ഓടി രക്ഷപെട്ടതെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ലഹരി സംഘത്തിലെ മുഖ്യ സൂത്രധാരകനായ കാളികാവ് സ്വദേശിയെ പിടികൂടാനുള്ള ശ്രമത്തിലാണ് എക്‌സൈസ് സംഘം. ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിലായി ചാക്കില്‍ കെട്ടിയ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കൂടാതെ ഹോണ്ട സിറ്റി കാറില്‍ സൂക്ഷിച്ചിരുന്ന ഒരു ലിറ്ററോളം ഹാഷിഷ് ഓയിലും പിടികൂടിയിട്ടുണ്ട്.


ആന്ധ്രാപ്രദേശില്‍ നിന്നുമാണ് കഞ്ചാവും, ഹാഷിഷ് ഓയിലും കൊണ്ടുവരുന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരു കോടി രൂപ വരെ ലഭിക്കുമെന്ന് പറയുന്നു. 10 മില്ലിക്ക് 3000 രൂപ പ്രകാരമാണ് വില്‍പ്പന നടത്തുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ലിറ്ററിന് 75,000 രൂപ പ്രകാരമാണ് ഹാഷിഷ് ഓയില്‍ വില്‍ക്കുന്നതെന്നും പ്രതികള്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.


ചില്ലറ വില്‍പ്പനയിലൂടെ ഒരു ലിറ്ററിന് മൂന്ന് ലക്ഷം രൂപ ലഭിക്കും. അതായത് നാലിരട്ടിയിലധികം ലാഭമാണ് ലഭിക്കുക. കഞ്ചാവിന് 10 ഗ്രാം പാക്കറ്റിന് 500 രൂപക്കാണ് വില്‍പ്പന. പിടിക്കപ്പെട്ട പ്രതികള്‍ വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നാണ് സൂചന. ജില്ലയിലെ വിവിധ മേഖലകളിലേക്ക് ഇവിടെ നിന്നാണ് കഞ്ചാവും ഹാഷിഷും എത്തിക്കാറുള്ളതെന്നാണ് ചോദ്യം ചെയ്യലില്‍ പൊലീസിന് അറിയാന്‍ കഴിഞ്ഞത്.


ജില്ലയുടെ മലയോര മേഖലയില്‍ നിരവധി ഇടങ്ങളില്‍ ഇവര്‍ ലഹരി വസ്തുക്കള്‍ വിതരണം ചെയ്യാറുണ്ട്. മേഖലയില്‍ ഏജന്റുമാരെ ഉപയോഗിച്ച് ചില്ലറ വില്‍പനയും നടത്താറുണ്ട് എന്ന് പ്രതികള്‍ വെളിപ്പെടുത്തി. നിലമ്പൂര്‍ എക്‌സൈസ് സംഘം അടുത്ത കാലം നടത്തിയ ഏറ്റവും വലിയ ലഹരി വേട്ടയാണിത്.
എക്‌സൈസ് വകുപ്പിനു ലഭിച്ച രഹസ്യ വിവരത്തെക്കുറിച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി.നിധിന്‍ ഐ.ബി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ്ഷഫീക്,ടി.ഷിജുമോന്‍ തുടങ്ങിയവരുടെ നേതൃത്വത്തി ലുള്ള എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.